Thursday, December 25, 2025

‘ലളിതമ്മയ്ക്ക് വിടചൊല്ലി കലാകേരളം’; അഭിനയമികവ് കൊണ്ട് മലയാള സിനിമാ ലോകത്തെ വിസ്മയമായി മാറിയ കെപിഎസി ലളിതയുടെ മൃതദേഹം സംസ്‌കരിച്ചു

തൃശ്ശൂർ: 50 വർഷത്തെ നീണ്ട അഭിയന ജീവിതത്തിനൊടുവിൽ അരങ്ങൊഴിഞ്ഞ് മലയാളത്തിലെ മഹാനടി കെപിഎസി ലളിത. വടക്കാഞ്ചേരിയിലെ എങ്കക്കാട്ടെ വീട്ടുവളപ്പിൽ കൂട്ടിയ ചിത അഭിനയപ്രതിഭയുടെ ഭൗതികദേഹം ഏറ്റുവാങ്ങി.നിരവധി കഥാപാത്രങ്ങൾ ബാക്കിയാക്കി മടങ്ങിയ കെപിഎസി ലളിത ഇനി മലയാളികളുടെ ഒർമ്മകളിൽ എന്നും നിറയും.

ഇന്ന് വൈകീട്ട് ആറ് മണിയോടെ ഔദ്യോഗിക ബഹുമതിയോടെയായിരുന്നു സംസ്‌കാര ചടങ്ങുകൾ. മകൻ സിദ്ധാർത്ഥ് ചിതയ്‌ക്ക് തീകൊളുത്തി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് നടിയെ ഒരു നോക്കു കാണാൻ എങ്കക്കാട്ടിലെ വീട്ടിലേക്കും പൊതുദർശന വേദികളിലേക്കും എത്തിയത്. തുടർന്ന് പൊതുദർശനത്തിന് ശേഷം വൈകീട്ട് 5.45 യോടെയാണ് അന്ത്യകർമ്മങ്ങൾ പൂർത്തിയായത്. ശേഷം വീട്ടുവളപ്പിലേക്ക് കൊണ്ടുപോയി. ഭർത്താവ് ഭരതൻ അന്ത്യവിശ്രമം കൊള്ളുന്നതിന് അടുത്തായാണ് കെപിഎസി ലളിതയ്‌ക്കും ചിതയൊരുക്കിയത്.

തൃശ്ശൂർ വടക്കാഞ്ചേരി നഗരസഭയിലും, സംഗീത നാടക അക്കാദമിയിലും പൊതുദർശനത്തിന് വെച്ച ശേഷമാണ് സംസ്‌കാര ചടങ്ങുകൾക്കായി മൃതദേഹം ഏങ്കക്കാട്ടെ വീട്ടിൽ എത്തിച്ചത്. അരമണിക്കൂർ നേരം വീട്ടിലും പൊതുദർശനത്തിനുവെച്ചിരുന്നു.പിന്നീട് എറണാകുളത്ത് നിന്നും പ്രത്യേകം സജ്ജമാക്കിയ കെഎസ്ആർടിസി ബസിൽ ഉച്ചയോടെയാണ് മൃതദേഹം വടക്കാഞ്ചേരിയിൽ എത്തിച്ചത്. രാവിലെ 8 മുതൽ 11.30 തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെച്ചിരുന്നു.

ഇന്നലെ രാത്രിയോടെ തൃപ്പൂണിത്തുറയിലെ മകന്റെ ഫ്ലാറ്റില്‍ വച്ചായിരുന്നു കെപിഎസി ലളിതയുടെ അന്ത്യം. മഹേശ്വരിയമ്മ എന്നായിരുന്നു ശരിയായ പേര്. കെപിഎസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായി.

ഇതോടെയാണ് കെപിഎസി ലളിത എന്ന പേര് വന്നത്. തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് എത്തിയത്. 1978ലാണ് അവര്‍ ചലച്ചിത്ര സംവിധായകന്‍ ഭരതനെ വിവാഹം ചെയ്തത്. രണ്ട് തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. 1970 മുതലാണ് നാടക രംഗത്ത് സജീവമായത്. ഈയടുത്ത് വരെ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിരുന്നു.

Related Articles

Latest Articles