Wednesday, May 29, 2024
spot_img

മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ എഴുതിയാല്‍ ഒരു നോട്ട് ബുക്ക് തികയാതെ വരും !ആരോപണം ഉന്നയിച്ചവരെ വേട്ടയാടുന്നു ! മാത്യു കുഴൽ നാടന് പിന്തുണയുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ രംഗത്ത്

തിരുവനന്തപുരം : മാത്യു കുഴൽ നാടനുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ കലുഷിതമായി കേരളാ രാഷ്ട്രീയം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപാടുകളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടും, അതിൽ നടപടിയെടുക്കാതെ ആരോപണം ഉന്നയിച്ചവരെ വേട്ടയാടുകയാണെന്ന് അഭിപ്രായപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ കൂടി രംഗത്തെത്തിയതോടെ വിഷയത്തിൽ ഭരണ പ്രതിപക്ഷ പോരാട്ടങ്ങൾ രൂക്ഷമാകുമായാണ്.

‘‘സിപിഎം ഉന്നയിച്ച ആരോപണങ്ങള്‍ക്കു മറുപടി നൽകിയെന്നു മാത്രമല്ല, തന്റെ വരുമാനവും സ്വത്തുക്കളും ജനങ്ങളുടെ മുന്നില്‍ പരിശോധിക്കാമെന്ന് മാത്യു കുഴൽനാടൻ തുറന്നു പറഞ്ഞിട്ടുള്ളതുമാണ്. എന്നിട്ടും അദ്ദേഹത്തെ വ്യക്തിഹത്യ നടത്തിയും കേസെടുത്തും ഇല്ലായ്മ ചെയ്യാമെന്ന് സിപിഎം കരുതുന്നെങ്കില്‍ മാത്യു കുഴല്‍നാടന്‍ ഒറ്റയ്ക്കല്ലെന്ന യാഥാർഥ്യം സിപിഎം തിരിച്ചറിയണം. അദ്ദേഹത്തെ വേട്ടയാടാന്‍ സര്‍ക്കാരും ആഭ്യന്തര വകുപ്പും സിപിഎമ്മും ഇറങ്ങിത്തിരിച്ചാല്‍, അതേ നാണയത്തില്‍ കോണ്‍ഗ്രസിന്റെ കരുത്തും പ്രതിഷേധാഗ്നിയുടെ ചൂടും സിപിഎമ്മും സര്‍ക്കാരും അറിയും. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും സ്വത്തുക്കള്‍ ഇത്തരമൊരു പരിശോധനയ്ക്കു വിധേയമാക്കാമോയെന്ന മാത്യു കുഴല്‍നാടന്റെ വെല്ലുവിളി ഉയര്‍ന്നത് കാണാന്‍ മുഖ്യമന്ത്രിക്ക് കണ്ണുകളില്ല. കേള്‍ക്കാന്‍ ചെവികളില്ല. ആരോപണം ഉന്നയിക്കുന്നവരെ വേട്ടയാടാന്‍ മുഖ്യമന്ത്രി അങ്ങേയറ്റം ഉത്സാഹഭരിതനുമാണ്. മോദിയെപ്പോലെ പിണറായി വിജയനും ചോദ്യങ്ങളെ ഭയമാണ്. ഇരുവരും തമ്മിലുള്ള സൗഹൃദം പോലെ രണ്ടു പേരുടെയും സ്വഭാവത്തിലും പ്രവൃത്തിയിലും നിരവധി സമാനതകളുമുണ്ട്. രാജ്യത്തെ പ്രമുഖരായ പ്രതിപക്ഷനേതാക്കളെയെല്ലാം കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടിയിട്ടും പിണറായിക്കെതിരേ പെറ്റിക്കേസ് പോലും ഇതുവരെ എടുത്തിട്ടില്ല. മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ മാത്രം നിരത്തി എഴുതിയാല്‍ ഒരു നോട്ട് ബുക്ക് തികയാതെ വരും. നാണം കെട്ടും അധികാരത്തില്‍ കടിച്ച് തൂങ്ങാതെ രാജിവച്ചു പോകാനുള്ള തന്റേടവും നട്ടെല്ലും മുഖ്യമന്ത്രിക്കുണ്ടോ?’

‘‘മുഖ്യമന്ത്രിക്കും സിപിഎമ്മിനും ജനാധിപത്യ സംവിധാനങ്ങളിലെ എല്ലാ മര്യാദകളോടും പരമ പുച്ഛമാണ്. എന്തു നെറികേടിലൂടെയും പണം ഉണ്ടാക്കണമെന്ന അത്യാര്‍ത്തി മാത്രമാണ് സിപിഎം നേതൃത്വത്തിനുള്ളത്. മുന്‍ ദേശാഭിമാനി അസോഷ്യേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍ വെളിപ്പെടുത്തിയ സത്യങ്ങളിലൂടെ മുഖ്യമന്ത്രിയുടെ ദ്രവ്യാസക്തി കേരളീയ സമൂഹത്തിനു ബോധ്യപ്പെട്ടതാണ്. കിടപ്പാടമില്ലാത്ത പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ള ലൈഫ് മിഷന്‍ പദ്ധതിയില്‍പ്പോലും കയ്യിട്ടു വാരിയവരാണ് മുഖ്യമന്ത്രിയും ഇടതു സര്‍ക്കാരും. മുഖ്യമന്ത്രിക്കു വേണ്ടി ഒരു കാലത്ത് സ്വര്‍ണക്കടത്തും ഡോളര്‍ക്കടത്തും ഉള്‍പ്പെടെയുള്ള എല്ലാ കൊള്ളരുതായ്മകള്‍ക്കും കൂട്ടുനിന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ജയിലില്‍ കിടക്കുന്നത് പിണറായി വിജയന്റെ പകരക്കാരനായാണ്. കേരളത്തില്‍ അധികാരവും കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായി ചങ്ങാത്തവുമില്ലായിരുന്നില്ലെങ്കില്‍ പിണറായി വിജയന്‍ എന്നേ കമ്പിയഴി എണ്ണുമായിരുന്നു. അഴിമതിയുടെ കറപുരണ്ട എഐ ക്യാമറ, കെ.ഫോണ്‍, കോവിഡ് കാലത്ത് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ മറവില്‍ നടത്തിയ പര്‍ച്ചേസ് കൊള്ള ഉള്‍പ്പെടെയുള്ളവയില്‍ കോടികളുടെ ഇടപടാണ് പിണറായി വിജയനും കൂട്ടരും നടത്തിയത്. കൈതോലപ്പായയിലും മാസപ്പടിയായും വാര്‍ഷികപ്പടിയായും കോടികള്‍ ഒഴുകിയെത്തിയതിന്റെ കണക്കിന് മുഖ്യമന്ത്രി സമാധാനം പറയേണ്ടി വരും’ – കെ സുധാകരന്‍ പറഞ്ഞു.

Previous article
Next article

Related Articles

Latest Articles