തക്കാളിയുടെ വിലക്കയറ്റത്തിൽ കേന്ദ്ര സർക്കാർ നടത്തിയ ഇടപെടൽ ഫലവത്താകുന്നു .
ഒരു കിലോഗ്രാമിന് 250 രൂപ എന്ന ഉയർന്ന നിരക്കിൽ നിന്ന് ഇപ്പോൾ കിലോയ്ക്ക് 80 മുതൽ 120 രൂപ വരെയായി തക്കാളി വില കുറഞ്ഞിട്ടുണ്ട്. സെപ്റ്റംബർ പകുതിയോടെ ഒരു കിലോയ്ക്ക് 30 രൂപ വരെയായി വില കുറയാമെന്നാണ് പ്രവചിക്കപ്പെടുന്നത്.
“ജൂലൈ അവസാനത്തോടെ കിലോയ്ക്ക് 260 രൂപയായി കുതിച്ചുയർന്ന തക്കാളി വില ഓഗസ്റ്റ് പകുതിയോടെ 120 രൂപയായി കുറഞ്ഞു. നിലവിൽ ഈ കുറഞ്ഞ നിരക്കിലാണ് ഞങ്ങൾ വിപണിയിൽ തക്കാളി വിൽക്കുന്നത്,” ഒഖല മണ്ടി അസോസിയേഷൻ അംഗം അഫ്സർ ഒരു ദേശീയ മാദ്ധ്യമത്തോട് പ്രതികരിച്ചു.ഒക്ടോബറോടെ വിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും മൊത്തവില കിലോയ്ക്ക് 5 മുതൽ 10 രൂപ വരെ കുറയുമെന്നും അദ്ദേഹം അഭിപായപ്പെട്ടു.
ഹൈപ്പർലോക്കൽ ഇ-കൊമേഴ്‌സ് കമ്പനിയായ മാജിക്പിൻ, നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ച്, തിരഞ്ഞെടുത്ത ഓൺലൈൻ പ്ലാറ്റ്‌ഫോമുകളായ പേടിഎം, പിൻകോഡ് എന്നിവയിലൂടെ കിലോയ്ക്ക് 50 രൂപയ്ക്ക് തക്കാളി വിൽക്കാനുള്ള പുതിയ സംരംഭം ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ പ്രധാനമായും മഹാരാഷ്ട്രയിലും കർണാടകയിലുമാണ് രാജ്യത്ത് പ്രധാനമായും തക്കാളി കൃഷി നടക്കുന്നത്. എന്നാൽ, ഈ രണ്ട് സംസ്ഥാനങ്ങളിലും പ്രതികൂല കാലാവസ്ഥ മൂലം കൃഷി നാശം സംഭവിച്ചു. ജൂൺ ആദ്യം തകർത്ത് പെയ്ത മഴയും കാര്യങ്ങൾ ഗുരുതരമാക്കി.
ഉപഭോക്തൃകാര്യ മന്ത്രാലയം തക്കാളി വില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. തക്കാളിയുടെ അഖിലേന്ത്യാ ശരാശരി വില ജൂലൈ 14-ന് ക്വിന്റലിന് 9,671 രൂപയിൽ നിന്ന് ഓഗസ്റ്റ് 14-ന് 9,195 രൂപയായി കുറഞ്ഞതായി അവരുടെ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഈ കുറയുന്ന പ്രവണത വരും ആഴ്ചകളിൽ ഉപഭോക്താക്കൾക്കുള്ള നല്ല വീക്ഷണത്തെ സൂചിപ്പിക്കുന്നു.

