Friday, May 17, 2024
spot_img

ഇൻഷുറൻസ് പരിരക്ഷയില്ലാതെ നിരത്തിൽ ചീറിപ്പാഞ്ഞ് കെഎസ്ആർടിസി ബസുകൾ
90% ബസുകൾക്കും ഇൻഷുറൻസ് പരിരക്ഷയില്ല;
നിയമലംഘനത്തിനു നേരെ കണ്ണടച്ച് മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: മോട്ടോർ വാഹന നിയമങ്ങൾ കാറ്റിൽ പറത്തി കെഎസ്ആർടിസി ബസുകൾ. നിരത്തിലോടുന്ന ഭൂരിഭാഗം ബസുകൾക്കും ഇൻഷുറൻസ് പരിരക്ഷയില്ല. ശബരിമല പാതയിൽ സർവീസ് നടത്തുന്ന ബസുകളിൽ 90 ശതമാനം ബസുകളും സർവീസ് നടത്തുന്നത് ഇൻഷുറൻസ് പരിരക്ഷയില്ലാതെയാണെന്ന് കണ്ടെത്തി. പല ബസുകളുടെയും ഇൻഷുറൻസ് കാലാവധി കഴിഞ്ഞിട്ട് രണ്ട് വർഷത്തിലധികമായെന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

പമ്പ, നിലയ്‌ക്കൽ പാതയിൽ യാത്ര ചെയ്യുന്ന ശബരിമല തീർത്ഥാടകരെ പിഴിഞ്ഞ് നഷ്ടം നികത്തുന്ന രീതിയിലാണ് കെഎസ്ആർടിസി സർവീസ് നടത്തുന്നതെന്ന് നേരത്തെ തന്നെ വിമർശനമുയർന്നിരുന്നു. ഉത്സവകാല സേവനത്തിന്റെ പേരിൽ 35 ശതമാനത്തിൽ അധിക നിരക്ക് ഈടാക്കുന്ന കെഎസ്ആർടിസി, യാത്രക്കാരായ ഭക്തരുടെ സുരക്ഷയ്‌ക്കും മോട്ടോർ വാഹന നിയമങ്ങൾക്കും യാതൊരു വിലയും കൽപിക്കുന്നില്ലെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്.

ഒരു ബസിന് 60,000 രൂപയാണ് ഇൻഷുറൻസ് തുകയായി ചിലവഴിക്കേണ്ടി വരിക. ഇത്തരത്തിൽ ഒരു വർഷം 12 കോടി രൂപ ഇൻഷുറൻസിനായി മാറ്റിവെയ്‌ക്കാൻ കഴിയാത്തതിനാലാണ് ബസുകളുടെ ഇൻഷുറൻസ് കെഎസ്ആർടിസി പുതുക്കാത്തത്. ഇൻഷുറൻസ് ഇല്ലാത്ത ബസുകൾ അപകടത്തിൽപ്പെട്ടാൽ സ്വന്തം നിലയ്‌ക്ക് നഷ്ടപരിഹാരം നൽകുമെന്നാണ് കെഎസ്ആർടിസിയുടെ വിചിത്ര വാദം. കൃത്യമായി ശമ്പളം കൊടുക്കാൻ പണമില്ലാത്ത കോപ്പറേഷൻ നഷ്ടപരിഹാരം എങ്ങനെ നൽകുമെന്ന ചോദ്യം ജനങ്ങളിലുയരുന്നുണ്ട് .

Related Articles

Latest Articles