Friday, May 17, 2024
spot_img

കെ എസ് ആർ ടി സി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി; പണിമുടക്കാതെ മറ്റ് സമരമുറകൾ സ്വീകരിക്കാൻ ഉപദേശിച്ച് ഗതാഗത മന്ത്രി

തിരുവനന്തപുരം: ശമ്പളവിതരണം മുടങ്ങുന്നതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം കെ എസ്ആർ ടി സി ജീവനക്കാർ പണിമുടക്കാരംഭിച്ചു. കോൺഗ്രസ് അനുകൂല സംഘടനയായ ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക്ക് ഫ്രണ്ടാണ് ഞായറാഴ്ച രാത്രി 12 മുതൽ 24 മണിക്കൂർ പണിമുടക്ക് നടത്തുന്നത്. പണിമുടക്ക് ബസ് സർവീസുകളെ സാരമായി ബാധിച്ചേക്കും. അതേസമയം പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.

സർവീസുകൾ തടസപ്പെടാതിരിക്കാൻ ക്രമീകരണങ്ങൾ ചെയ്തതായി മാനേജ്‌മെന്‍റ് അറിയിച്ചു. പണിമുടക്കുന്നവർക്ക് അന്നേദിവസത്തെ ശമ്പളം നൽകില്ല. മെഡിക്കൽ ഓഫീസറുടെ ശുപാർശ ഉണ്ടെങ്കിൽ മാത്രമേ അവധി അനുവദിക്കൂ. ബസുകൾ മുടങ്ങാതിരിക്കാൻ ജീവനക്കാരെ വിന്യസിച്ചു. ഡിപ്പോകളുടെയും ഓഫീസുകളുടെയും പ്രവർത്തനം തടസപ്പെടാതിരിക്കാൻ ക്രമീകരണം ഏർപ്പെടുത്തി. ജോലിക്ക് എത്തുന്നവർക്ക്‌ സുരക്ഷ നൽകും.

മറ്റ് യൂണിനുകൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ബസ് സർവീസുകളെ കാര്യമായി ബാധിക്കില്ലെന്ന കണക്കുകൂട്ടലിലാണ് നിലവിൽ മാനേജ്‌മെന്‍റ്. എന്നാൽ ശമ്പളവിതരണം അനിശ്ചിതമായി നീളുന്നതിനാൽ കൂടുതൽ തൊഴിലാളികൾ പണിമുടക്കിൽ പങ്കുചേർന്നേക്കും.

അതേസമയം സര്‍വീസ് മുടക്കി സമരം നടത്തുന്നതിനു പകരം മറ്റ് സമരമുറകള്‍ സ്വീകരിയ്ക്കാനുള്ള ഉപദേശവുമായി ഗതാഗത മന്ത്രി എ കെ.ശശീന്ദ്രന്‍ രംഗത്തുവന്നു. നിലവില്‍ കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ ഇടിവു സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ദിവസത്തെ വരുമാനം ആറു കോടിയില്‍ താഴെയാണ്. ഒരു ദിവസത്തെ വരുമാനം മുടങ്ങിയാല്‍പ്പോലും അത് ശമ്പള വിതരണത്തെ ബാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Latest Articles