Wednesday, April 24, 2024
spot_img

കെഎസ്ആർടിസിയിൽ ശമ്പള വിതരണം ഇന്ന് മുതൽ; നൽകുന്നത് ജൂണിലെ ശമ്പളം, ആദ്യം നൽകുന്നത് ഡ്രൈവർ കണ്ടക്ടർ വിഭാഗങ്ങൾക്ക്, ഇനി വേണ്ടത് 26കോടി

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ജൂണ്‍ മാസത്തെ ശമ്പളവിതരണം ഇന്ന് മുതൽ നടക്കും. ഡ്രൈവർ കണ്ടക്ടർ വിഭാഗങ്ങൾക്ക് മാത്രമാണ് ആദ്യം ശമ്പളം നല്‍കുക. സർക്കാർ അനുവദിച്ച 30 കോടി രൂപ കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലെത്തിയതിനെ തുടർന്നാണ് ശമ്പള വിതരണം നടത്തുന്നത്.

മുൻ മാസത്തെ പോലെ ശമ്പളം ഘട്ടം ഘട്ടമായി മാത്രമേ വിതരണം ചെയ്യാനാകു. ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് ആദ്യം ഡ്രൈവർക്കും കണ്ടക്ടർക്കും ശമ്പളം നൽകും. സർക്കാർ സഹായമായി ലഭിച്ച പണം ഉപയോഗിച്ച് മുൻമാസത്തെ ഓവർഡ്രാഫ്റ്റ് പൂർണമായും തിരിച്ചടച്ച് വീണ്ടും ഓവർഡ്രാഫ്റ്റ് എടുത്താണ് ശമ്പളം വിതരണം ചെയ്യുക. കരാ‍ർ ജീവനക്കാർക്ക് ശമ്പളം കിട്ടിത്തുടങ്ങി.

എല്ലാ ജീവനക്കാർക്കും ശമ്പളം നൽകാൻ ഈ മാസം മാത്രം വേണ്ടത് 79 കോടി രൂപയാണ്. ശമ്പള വിതരണത്തിനായി കെഎസ്ആർടിസി മാനേജ്മെൻറ് 65 കോടി രൂപയുടെ സർക്കാർ സഹായം തേടിയിരുന്നെങ്കിലും ധനവകുപ്പ് നൽകിയില്ല. എന്നാൽ ശമ്പള വിതരണം സർക്കാർ സഹായമില്ലാതെ പൂർത്തിയാക്കാൻ ആവില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് നിലപാട് മാറ്റിയത്. ജൂണിലെ ശമ്പള വിതരണം പൂ‍ർത്തിയാക്കാൻ 26 കോടി രൂപ കൂടി കണ്ടെത്തേണ്ടതുണ്ട്.

Related Articles

Latest Articles