Friday, May 17, 2024
spot_img

കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലെത്തിയത് 30 കോടി രൂപ; ശമ്പളവിതരണം നാളെ മുതല്‍, ആദ്യം ഡ്രൈവർക്കും കണ്ടക്ടർക്കും

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ജൂണ്‍ മാസത്തെ ശമ്പളവിതരണം നാളെ മുതൽ നടക്കും. ആദ്യം ഡ്രൈവർക്കും കണ്ടക്ടർക്കും മാത്രമാണ് ശമ്പളം നല്‍കുക. സർക്കാർ അനുവദിച്ച 30 കോടി രൂപ കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലെത്തിയതിനെ തുടർന്നാണ് ശമ്പള വിതരണം നടത്തുന്നത്.

മുൻ മാസത്തെ പോലെ ശമ്പളം ഘട്ടം ഘട്ടമായി മാത്രമേ വിതരണം ചെയ്യാനാകു. ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് ആദ്യം ഡ്രൈവർക്കും കണ്ടക്ടർക്കും ശമ്പളം നൽകും. സർക്കാർ സഹായമായി ലഭിച്ച പണം ഉപയോഗിച്ച് മുൻമാസത്തെ ഓവർഡ്രാഫ്റ്റ് പൂർണമായും തിരിച്ചടച്ച് വീണ്ടും ഓവർഡ്രാഫ്റ്റ് എടുത്താണ് ശമ്പളം വിതരണം ചെയ്യുക.

എല്ലാ ജീവനക്കാർക്കും ശമ്പളം നൽകാൻ ഈ മാസം മാത്രം വേണ്ടത് 79 കോടി രൂപയാണ്. ശമ്പള വിതരണത്തിനായി കെഎസ്ആർടിസി മാനേജ്മെൻറ് 65 കോടി രൂപയുടെ സർക്കാർ സഹായം തേടിയിരുന്നെങ്കിലും ധനവകുപ്പ് നൽകിയില്ല. എന്നാൽ ശമ്പള വിതരണം സർക്കാർ സഹായമില്ലാതെ പൂർത്തിയാക്കാൻ ആവില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് നിലപാട് മാറ്റിയത്.

Related Articles

Latest Articles