Thursday, May 2, 2024
spot_img

ഷിബു ബേബി ജോണിന്റെ പ്രസ്താവന പച്ചക്കള്ളം! മാസപ്പടി വിഷയത്തിൽ കേന്ദ്രം എന്നോട് മിണ്ടിപ്പോകരുതെന്ന് പറഞ്ഞുവെന്നും സിപിഎം നേതാവിൽ നിന്നറിഞ്ഞതാണെന്നുമുള്ള ആർ എസ് പി നേതാവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതികരിച്ച് കുമ്മനം രാജശേഖരൻ

മാസപ്പടി വിഷയത്തിൽ കേന്ദ്രം എന്നോട് മിണ്ടിപ്പോകരുതെന്ന് പറഞ്ഞുവെന്നും സിപിഎം നേതാവിൽ നിന്നറിഞ്ഞതാണെന്നുമുള്ള ആർ എസ് പി നേതാവ് ഷിബു ബേബി ജോണിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതികരിച്ച് കുമ്മനം രാജശേഖരൻ. ഷിബു ബേബി ജോൺ പറഞ്ഞത് പച്ചക്കള്ളമാണെന്നും മാസപ്പടി വിവാദത്തിൽ നിന്നും തലയൂരാനും ജനശ്രദ്ധ തിരിച്ചു വിടാനും എൽഡിഎഫും യുഡിഎഫും ചേർന്ന് മെനഞ്ഞെടുത്ത ക്യാപ്സൂളാണ് ഈ ആരോപണമെന്നും അദ്ദേഹം തുറന്നടിച്ചു.തന്റെ ഫേസ്‍ബുക്കിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണമറിയിച്ചത്.

കുറിപ്പിന്റെ പൂർണ്ണ രൂപം

മാസപ്പടി വിഷയത്തിൽ കേന്ദ്രം എന്നോട് മിണ്ടിപ്പോകരുതെന്ന് പറഞ്ഞുവെന്നും സിപിഎം നേതാവിൽ നിന്നറിഞ്ഞതാണെന്നുമുള്ള ആർ എസ്. പി നേതാവ് Shibu Baby John ന്റെ പ്രസ്താവന പച്ചക്കള്ളമാണ്.

മാസപ്പടി വിവാദത്തിൽ നിന്നും തലയൂരാനും ജനശ്രദ്ധ തിരിച്ചു വിടാനും എൽഡിഎഫും യുഡിഎഫും ചേർന്ന് മെനഞ്ഞെടുത്ത ക്യാപ്സൂളാണ് ഈ ആരോപണം. ഇതിൽ സത്യസന്ധതയുണ്ടെങ്കിൽ ആ സിപിഎം നേതാവിന്റെ പേരു് വെളിപ്പെടുത്താൻ ഷിബു എന്തിന് മടിക്കുന്നു?

മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുള്ള കോടികളുടെ ക്രമക്കേട് സംബന്ധിച്ച് ശക്തമായനടപടി സ്വീകരിക്കണമെന്നാണ് ബി ജെ പി യുടെ ഉറച്ച നിലപാട്.ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും പാർട്ടി തയ്യാറല്ല. മാസപ്പടി വാങ്ങിയ സംഭവത്തിന്റെ ഉള്ളുകള്ളികൾ വെളിച്ചത്തു കൊണ്ടുവരുവാൻ ഏതറ്റം വരെയും ബിജെപി പോകും. പക്ഷേ എൽഡിഎഫും യുഡിഎഫും ഇക്കാര്യത്തിൽ ഒളിച്ചുകളിക്കുകയാണ്.

സി പി എമ്മും കോൺഗ്രസും ചേർന്ന് ദേശീയ തലത്തിൽ രൂപം കൊടുത്ത ഇന്ത്യാ മുന്നണിയിലൂടെ ഉരുത്തിരിഞ്ഞുവന്ന സ്നേഹബന്ധമാണ് മാസപ്പടി വിഷയത്തിലുള്ള ഇരുകൂട്ടരുടേയും നിശബ്ദതക്ക് കാരണം. രണ്ട് പാർട്ടിയുടേയും അഖിലേന്ത്യാനേതൃത്വം ഇക്കാര്യത്തിൽ ഒത്തുതീർപ്പിലെത്തി. അതിനെത്തുടർന്നാണ് രണ്ടു മുന്നണിയുടേയും നേതാക്കൾ പരസ്പര ധാരണയോടെ നിയമസഭയുടെ അവസാന ദിവസം കൈകോർത്തത്.

മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെ ഇരുവരും ചേർന്ന് കൊന്നു കുഴിച്ചുമൂടിയ ഇരുണ്ട ദിനമായി ഈ ദിവസത്തെ ചരിത്രം രേഖപ്പെടുത്തും.

Related Articles

Latest Articles