മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചോക്ലേറ്റ് നായകൻ കുഞ്ചാക്കോ ബോബന്റെ അഭിനയജീവിതത്തിന് ഇന്ന് 25 വയസ്സ്. കൂടാതെ പ്രണയജോഡികളായി ചാക്കോച്ചനും ശാലിനിയും ആദ്യമായി ഒരുമിച്ചെത്തി സൂപ്പര്‍ഹിറ്റായി മാറിയ പ്രണയചിത്രം അനിയത്തിപ്രാവ് ഇറങ്ങിയിട്ട് ഇന്നേക്ക് 25 വർഷം തികയുകയാണ്.
മലയാളികള്‍ ഓമനത്തത്തോടെ ‘ബേബി ശാലിനി’ എന്ന് വിളിക്കുന്ന ശാലിനിയും മലയാളികളുടെ ചോക്ലേറ്റ് താരമായ കുഞ്ചാക്കോ ബോബനും മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയജോടികളാണ്.
ഇരുവരും നായികാ നായകന്മാരായി അഭിനയിച്ച ആദ്യ ചിത്രം ‘അനിയത്തിപ്രാവ്’ തിയേറ്ററിലെത്തിയത് 1997 മാര്‍ച്ച് മാസം 26നാണ്.
സിനിമയ്ക്കും, തന്റെ അഭിനയജീവിതത്തിനും കാല്‍നൂറ്റാണ്ട് പിന്നിടുമ്പോൾ ചാക്കോച്ചന്‍ അതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെയ്ക്കുകയാണ്. അനിയത്തിപ്രാവില്‍ ചാക്കോച്ചന്‍ കറങ്ങി നടന്ന ഹോണ്ട സ്പ്ലെണ്ടര്‍ ബൈക്ക് അന്ന് കേരളത്തിലുടനീളം തരംഗമായിരുന്നു. ഈ സന്തോഷ ദിനത്തിലിതാ
25 വര്‍ഷങ്ങള്‍ക്കിപ്പുറം അന്ന് ചാക്കോച്ചന്റെ കൂടെയുണ്ടായിരുന്ന ഹോണ്ട സ്പ്ലെണ്ടര്‍ ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ് അദ്ദേഹം.
ഇത് സംബന്ധിച്ച വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരുന്നു. ഒരുപാട് അന്വേഷണങ്ങള്‍ക്കൊടുവില്‍ പഴയ ഹോണ്ട സ്പ്ലെണ്ടര്‍ ബൈക്ക് കണ്ടുപിടിയ്ക്കുകയും താരം അത് വിലയ്ക്ക് വാങ്ങുകയുമായിരുന്നു. ഇന്ന് രാവിലെ ശാലിനിയെ ഫോണ്‍ വിളിച്ചുവെങ്കിലും കിട്ടിയില്ലായെന്നും തുടര്‍ന്ന് സംവിധായകന്‍ ഫാസില്‍, നിര്‍മ്മാതാവ് സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍, സുധീഷ്, ഹരിശ്രീ അശോകന്‍, ഇന്നസെന്റ്, ജനാര്‍ദ്ദനന്‍ തുടങ്ങിയവരെ വിളിച്ചു സംസാരിച്ചു എന്നും ചാക്കോച്ചന്‍ പറഞ്ഞു.

