ദില്ലി: സ്ത്രീസംവരമില്ലാതെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഈ തെരഞ്ഞെടുപ്പിലൂടെ വനിതാ സ്ഥാനാര്‍ത്ഥികള്‍ക്കായി. ഏറ്റവും കൂടുതല്‍ വനിതാ എംപി മാര്‍ ബിജെപിയില്‍ നിന്നാണ്. ബിജെപി മത്സരിപ്പിച്ച 47 സ്ത്രീകളില്‍ 34 പേരും ജയിച്ചുകയറി.
41 ശതമാനം വനിതാ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി രാജ്യത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ മമതയ്ക്കും അഭിമാനിക്കാം. 17 സ്ത്രീകളില്‍ 11 പേരും ലോക്‌സഭയിലെത്തി. ഇതിന് പുറമെ ഒഡിഷയില്‍ നവീന്‍ പട്നായികിന്റെ ബിജു ജനതാദള്‍ മത്സരിപ്പിച്ച സ്ത്രീകളില്‍ ആറ് പേരാണ് ലോക്‌സഭയിലേക്ക് യോഗ്യത നേടിയത്. ഏറ്റവും കൂടുതല്‍ സ്ത്രീകളെ ലോക്‌സഭയിലേക്ക് അയച്ച ക്രഡിറ്റ് യുപിക്കും പശ്ചിമ ബംഗാളിനുമാണ്. കേരളത്തില്‍നിന്ന് വിവിധ പാര്‍ട്ടികളില്‍നിന്ന് ആറ് വനിതകള്‍ മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസിലെ രമ്യാ ഹരിദാസ് ലോക്‌സഭയിലെത്തി.
സോണിയാ ഗാന്ധി, മനേക ഗാന്ധി, സ്മൃതി ഇറാനി, ഹേമ മാലിനി, കനിമൊഴി കരുണാനിധി എന്നിവരാണ് ലോക്‌സഭയിലേക്ക് യോഗ്യത നേടിയവരില്‍ പ്രമുഖര്‍. ആന്ധ്രപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി മത്സരിപ്പിച്ച നാല് സ്ത്രീകളും തമിഴ്നാട്ടില്‍ ഡിഎംകെ മത്സരിപ്പിച്ച രണ്ട് പേരും ജയിച്ചുകയറി.

