കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ദാന ചുഴലിക്കാറ്റ് ഇന്ന് കരതൊടും. ഇന്ന് അർദ്ധരാത്രിക്കും നാളെ പുലർച്ചെയ്ക്കും മദ്ധ്യേ ആയിരിക്കും കാറ്റ് കര തൊടുക. ഒഡിഷയിലെ ദാമ്ര തുറമുഖത്തിനും പശ്ചിമ ബംഗാളിലെ സാഗർ ദ്വീപിനും ഇടയിലാകും കര തൊടൽ. ഒഴിപ്പിക്കൽ നടപടികൾ ഇന്ന് പതിനൊന്ന് മണിയോടെ പൂർത്തിയയാകും. പ്രശ്നബാധിത മേഖലകളിൽ നിന്ന് ഇരു സ്ഥാനങ്ങളിലുമായി 25 ലക്ഷത്തോളം ആളുകളെയാണ് ഒഴിപ്പിക്കുക 120 കിലോമീറ്റർ വേഗതയിലാകും ദാന കര തൊടുക എന്നാണ് നിലവിലെ മുന്നറിയിപ്പ് പറയുന്നത്. ഇരു സംസ്ഥാനങ്ങളിലെയും തുറമുഖങ്ങൾക്ക് ഡെയ്ഞ്ചർ നമ്പർ 10 എന്ന അതീവ ജാഗ്രത മുന്നറിപ്പ് നൽകിയിട്ടുണ്ട്. കൊൽക്കത്ത വിമാനത്താവളം ഇന്ന് ഉച്ചയ്ക്ക് ശേഷം അടച്ചിടും. ഇന്ന് വൈകുന്നേരം 7 മണിമുതൽ 15 മണിക്കൂർ നേരത്തേയ്ക്കാണ് വിമാനത്താവളം അടയ്ക്കുക.
സംസ്ഥാനങ്ങളിൽ എസ് ഡി ആർ എഫ്, എൻ ഡി ആർ എഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന് മുന്നോടിയായി ജനങ്ങൾക്ക് സഹായം നൽകാൻ പശ്ചിമ ബംഗാളിൽ ഗവർണർ സി വി ആനന്ദബോസ് പ്രത്യേക കർമ്മസേനയും കൺട്രോൾ റൂമും ഒരുക്കിയിട്ടുണ്ട്. ഗവർണർ ഡോ. സി.വി. ആനന്ദ് ബോസ് ബുധനാഴ്ച വൈകിട്ട് ഇതിനായി കൊൽക്കത്തയിലെ രാജ്ഭവനിൽ വിദഗ്ധരുടെയും കോർ ടീമിൻ്റെയും അടിയന്തര യോഗം വിളിച്ചിരുന്നു. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ദുരന്തനിവാരണ സമിതിയും ബന്ധപ്പെട്ട മറ്റു അധികാരികളും പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങളും നടപടിക്രമങ്ങളും പൂർണമായും പാലിക്കാൻ തയ്യാറാകണമെന്നും ഗവർണർ ആനന്ദബോസ് അഭ്യർത്ഥിച്ചു
“ഈ അടിയന്തര ഘട്ടത്തിൽ ജനങ്ങളുടെ ആശങ്കയകറ്റാൻ ആത്മവിശ്വാസത്തോടെയും നിശ്ചയദാർഢ്യത്തോടെയും എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം. നാം തീർച്ചയായും ഈ പ്രതിസന്ധിയെയും അതിജീവിക്കും” – ഗവർണർ പറഞ്ഞു. ഗവർണറുടെ നിർദേശപ്രകാരം രാജ്ഭവനിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന (24×7) കൺട്രോൾ റൂം തുറന്നു: ഫോൺ നമ്പർ: 033-22001641; ഇമെയിൽ:.email: emergency.danarajbhavan@gmail.com രാജ്ഭവൻ ഹെഡ് ഓഫ് ടാസ്ക് ഫോഴ്സ് ശ്രീകുമാർ ബന്ദ്യോപാധ്യായ (മുൻ ഐ.ജി, എസ്.എസ്.ബി, മുൻ എസ്.പി.ജി) യായിരിക്കും കൺട്രോൾ റൂമിൻ്റെ മുഖ്യ സംയോജകൻ.

