Tuesday, May 14, 2024
spot_img

യാത്രക്കാര്‍ക്ക് നല്‍കേണ്ട സേവനങ്ങളില്‍ വീഴ്ച; എയർ ഇന്ത്യയ്ക്ക് പത്ത് ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ

ദില്ലി: യാത്രക്കാര്‍ക്ക് നല്‍കേണ്ട സേവനങ്ങളില്‍ വീഴ്ച വരുത്തിയതിനെ തുടർന്ന് എയർ ഇന്ത്യയ്ക്ക് വീണ്ടും പിഴ. പത്ത് ലക്ഷം രൂപയാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പിഴ ചുമത്തിയിരിക്കുന്നത്. അന്താരാഷ്ട്ര സെക്ടറുകളില്‍ ബിസിനസ് ക്ലാസില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ആ സേവനം നൽകാതെ മറ്റ് സീറ്റുകള്‍ നല്‍കിയതിന് നഷ്ടപരിഹാരം നല്‍കാത്തത് ഉള്‍പ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് നടപടിയിലേക്ക് എത്തിച്ചത്.

ദില്ലി, കൊച്ചി, ബംഗളുരു വിമാനത്താവളങ്ങളില്‍ ഡിജിസിഎ സംഘം സന്ദര്‍ശനം നടത്തി എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം പരിശോധിച്ചു. വിമാന കമ്പനികള്‍ക്ക് ബാധകമായ ചട്ടങ്ങളായ സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റ് (സി.എ.ആര്‍) കമ്പനി പാലിക്കുന്നില്ലെന്ന് ഈ പരിശോധനയില്‍ കണ്ടെത്തി. ഇക്കാര്യങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ട് നവംബര്‍ മൂന്നാം തീയ്യതി സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ എയര്‍ ഇന്ത്യയ്ക്ക് ഷോകോസ് നോട്ടീസ് നല്‍കിയിരുന്നു.

ചട്ടങ്ങള്‍ പാലിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്ന് ഷോകോസ് നോട്ടീസിന് എയര്‍ ഇന്ത്യ നല്‍കിയ മറുപടിയിലും വ്യക്തമാവുന്നതായി ഡിജിസിഎ ബുധനാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വിമാനം വൈകിയപ്പോള്‍ അത് ബാധിക്കുന്ന യാത്രക്കാര്‍ക്ക് ഹോട്ടല്‍ താമസ സൗകര്യം ഏര്‍പ്പെടുത്താതിരിക്കുക, ഗ്രൗണ്ട് സ്റ്റാഫില്‍ ചിലര്‍ക്ക് മാനദണ്ഡങ്ങള്‍ പ്രകാരമുള്ള പരിശീലനം നല്‍കുന്നതില്‍ വീഴ്ച, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് ആ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത സീറ്റുകള്‍ നല്‍കിയ ശേഷം അതിന് നഷ്ടപരിഹാരം നല്‍കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി വാര്‍ത്താക്കുറിപ്പില്‍ ഡിജിസിഎ പറയുന്നു. നിയമലംഘനങ്ങള്‍ക്കുള്ള പിഴയായി 10 ലക്ഷം രൂപ ചുമത്തിയെന്നാണ് ഔദ്യോഗിക അറിയിച്ചു.

Related Articles

Latest Articles