കോൺഗ്രസ്സ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധിയെ വീണ്ടും കുരുക്കിലാക്കി അപകീർത്തികരമായ പരാമർശങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തരംതാണ ഭാഷയിൽ അധിക്ഷേപിച്ച സംഭവത്തിൽ, രാഹുലിനെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. പോക്കറ്റടിക്കാരൻ, അപശകുനം തുടങ്ങിയ വാക്കുകൾ ഉപയോഗിച്ചായിരുന്നു കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചത്. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ ഇന്ത്യൻ ടീമിന്റെ തോൽവിയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം. നമ്മുടെ കളിക്കാർ നന്നായി കളിച്ച് ലോകകപ്പ് വിജയത്തിന്റെ തൊട്ടരികെ വരെ എത്തിയതായിരുന്നു. എന്നാൽ അവസാനം അപശകുനം വന്ന് എല്ലാം തുലച്ചുവെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. കൂടാതെ, ഇന്നലെ ഭരത്പൂരിൽ നടന്ന റാലിയിൽ പോക്കറ്റടിക്കാരൻ എന്നായിരുന്നു രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ച് അധിക്ഷേപിച്ചത്.
ഒരു പ്രധാനമന്ത്രിയെ അപശകുനം, പോക്കറ്റടിക്കാരൻ തുടങ്ങിയ അങ്ങേയറ്റം തരംതാണ വാക്കുകൾ കൊണ്ട്, ഒരു ദേശീയ പാർട്ടിയുടെ നേതാവ് അധിക്ഷേപിക്കുക എന്ന് പറഞ്ഞാൽ അത് രാഷ്ട്രീയ ധാർമ്മികതയ്ക്ക് അപമാനമാണ്. പ്രധാനമന്ത്രിയെ എന്നല്ല, യാതൊരു വ്യക്തിയെയും ഇത്തരം പദപ്രയോഗങ്ങൾ കൊണ്ട് അപമാനിക്കാൻ ഒരു രാഷ്ട്രീയ നേതാക്കൾക്കും അവസരം നൽകരുതെന്ന്, തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിൽ ബിജെപി ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ഇത്തരത്തിലുള്ള പരാമർശങ്ങൾ വ്യക്തിപരമായ ആക്രമണം എന്നതിലുപരി നഗ്നമായ വ്യക്തിഹത്യയാണ്. ഇത്തരം പരാമർശങ്ങൾ ഒരു വ്യക്തിയുടെ പൊതുജീവിതത്തെ അവഹേളിക്കുന്നതാണെന്നും പൊതുജനങ്ങളെ തെറ്റായ മാർഗത്തിലേക്ക് നയിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിൽ ബിജെപി വ്യക്തമാക്കുന്നു.
അതേസമയം, ഇതിന് മുൻപ് മോദി എന്ന പേരുള്ളവരെല്ലാം കള്ളന്മാരാണെന്ന കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശം ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. 2019 ൽ കര്‍ണാടകയിലെ കോളാറില്‍ നടന്ന തെരഞ്ഞടുപ്പ് റാലിയിലാണ് എല്ലാ കള്ളന്‍മാരുടേയും പേരില്‍ മോദി എന്നുണ്ടെന്ന് നരേന്ദ്രമോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത്. സാമ്പത്തിക കുറ്റവാളികളായ നീരവ് മോദിയെയും ലളിത് മോദിയെയും കൂടി പരാമര്‍ശിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം. എന്നാൽ ബിഹാര്‍ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുശീല്‍കുമാര്‍ മോദി രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തി കേസ് നൽകിയിരുന്നു. തുടർന്ന് രാഹുൽഗാന്ധിക്ക് ഇതിന്റെ പേരിൽ കോടതി കയറി ഇറങ്ങേണ്ടതായും വന്നു. എന്തായാലും, രാഹുൽ ഗാന്ധിയുടെ പുതിയ പരാമർശം തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ കോൺഗ്രസ്സിന് തിരിച്ചടിയാകുമോ എന്ന് കാത്തിരുന്ന് കാണണം.

