ദില്ലി: ലഷ്‌കർ ഇ ത്വയ്ബ ഭീകരൻ ദില്ലിയിൽ അറസ്റ്റിൽ. ജമ്മു കശ്മീരിലെ കുപ്വാര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിമുക്ത ഭടനായ റിയാസ് അഹമ്മദാണ് പിടിയിലായത്. ഞായറാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ദില്ലി പോലീസ് അറിയിച്ചു.
കുപ്വാരയിൽ എത്തുന്ന ഭീകരർക്ക് സഹായം നൽകിവരുന്ന സംഘത്തിലെ പ്രധാനിയാണ് റിയാസ് അഹമ്മദ്. ഭീകരരായ ഖുർഷീദ് അഹമ്മദ് റാത്തർ, ഗുലാം സർവാർ റാത്തർ എന്നിവരുമായി ചേർന്ന് കശ്മീരിലെ വിവിധയിടങ്ങളിൽ ഭീകരാക്രമണത്തിന് ഇയാൾ പദ്ധതിയിട്ടിരുന്നു. ഇതിനായി യഥാർത്ഥ നിയന്ത്രണ രേഖവഴി സംഘം ആയുധം കടത്തിയെന്നും പോലീസ് പറയുന്നു.
കുപ്വാരയിലെ ന്യൂഗബ്ര ഗ്രാമവാസിയാണ് ഇയാൾ. കഴിഞ്ഞ മാസം 27 ന് ഇയാളും കൂട്ടാളികളായ മൻസൂർ അഹമ്മദ് ഷെയ്ഖ്, ഖാസി മുഹമ്മദ് കുശാൽ എന്നിവരുമായി ചേർന്ന് ഇയാൾ ആയുധം കടത്തിയിരുന്നു. ഇതിനിടെ മറ്റ് രണ്ട് പേരെ പോലീസ് പിടികൂടി. എന്നാൽ റിയാസ് രക്ഷപ്പെട്ട് ദില്ലിയിൽ എത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് റിയാസിനെ അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

