Saturday, May 18, 2024
spot_img

ഖജനാവ് ചോര്‍ത്താന്‍ അടുത്ത നിയമനം ഉടന്‍ ;സി പി സുധാകര പ്രസാദിന് കാബിനറ്റ് പദവി നല്‍കാന്‍ നീക്കം

തിരുവനന്തപുരം: അഡ്വ. ജനറല്‍ സി പി. സുധാകരപ്രസാദിന് കാബിനറ്റ് പദവി നല്‍കാന്‍ സര്‍ക്കാര്‍ തലങ്ങളില്‍ നിന്നും നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. അഡ്വ. ജനറലിന്‍റേത് സുപ്രധാന ഭരണഘടനാ പദവിയായതിനാലാണ് കാബിനറ്റ് പദവി നല്‍കുന്നത്. മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ച ചെയ്തെന്നാണ് സൂചന.

അഡ്വ. ജനറലിനു പുറമേ രണ്ട് അഡീഷനൽ എജിമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്രിമിനല്‍ കേസുകള്‍ നടത്താന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരാകാന്‍ സ്റ്റേറ്റ് അറ്റോര്‍ണിയുമുണ്ട്. ഇതൊക്കെ പോരാതെയാണ് വീണ്ടുമൊരു നിയമനത്തിന് കളമൊരുങ്ങുന്നത്.

സംസ്ഥാന സര്‍ക്കാരിനുവേണ്ടി സുപ്രീംകോടതിയിലും ഹൈക്കോടതിയിലും കേസുകള്‍ കൈകാര്യം ചെയ്യുന്നതും സര്‍ക്കാരിനു നിയമോപദേശം നല്‍കുന്നതും സംസ്ഥാനത്തെ ‘ഒന്നാമത്തെ അഭിഭാഷകനായ’ അഡ്വ. ജനറലാണ്. സുപ്രധാന കേസുകളില്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി കോടതിയില്‍ ഹാജരാകുന്നതും അഡ്വ. ജനറലാണ്. നിയമസഭാ സമ്മേളനത്തില്‍ പ്രതിനിധിയായി ഇദ്ദേഹത്തിനു പങ്കെടുക്കാം. സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ കേസുകള്‍ കൈകാര്യം ചെയ്യുന്ന സ്റ്റാന്‍ഡിങ് കൗണ്‍സിലിനു നിര്‍ദേശങ്ങള്‍ നല്‍കുന്നതും കേസുകളില്‍ ഏതെല്ലാം അഭിഭാഷകര്‍ ഹാജരാകണമെന്നു തീരുമാനിക്കുന്നതും അ‍ഡ്വ.ജനറലാണ്. 5 വര്‍ഷമാണ് കാലാവധി.

നിലവില്‍ മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്ക്കാര കമ്മിഷന്‍ അധ്യക്ഷനുമായ വി എസ്. അച്യുതാനന്ദന്‍, മുന്നോക്കക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള, ഡല്‍ഹിയിലെ സംസ്ഥാന പ്രതിനിധി എ സമ്പത്ത് എന്നിവര്‍ക്ക് കാബിനറ്റ് പദവി നല്‍കിയിട്ടുണ്ട്.

Related Articles

Latest Articles