Saturday, May 18, 2024
spot_img

കുട്ടികളെ വഴിതെറ്റിക്കുന്നു; ചൈനീസ് ആപ്പായ ടിക് ടോക് നിരോധിച്ച് കിർഗിസ്ഥാൻ

കിർഗിസ്ഥാൻ: ചൈനീസ് ആപ്പായ ടിക് ടോക് നിരോധിച്ച് കിർഗിസ്ഥാൻ. കുട്ടികളിലുണ്ടാക്കുന്ന തെറ്റായ സ്വാധീനം കണക്കിലെടുത്താണ് നിരോധനം. കിർഗിസ്ഥാനിലെ സുരക്ഷാ ഏജൻസികളുടെ നിർദ്ദേശത്തെ തുടർന്നാണ് ടിക് ടോക് നിരോധിക്കാനുള്ള തീരുമാനം.

ചൈനീസ് ഗ്രൂപ്പായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്കിന് ആഗോളതലത്തിൽ വലിയ തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ആപ്പിന്റെ ഉപയോഗം കുട്ടികളിലുണ്ടാക്കുന്ന മാനസികാരോഗ്യ പ്രത്യാഘാതങ്ങൾ മുതൽ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നതായുള്ള ആരോപണങ്ങൾ വരെ ടിക് ടോക്കിനെതിരെ ഉയർന്നുവരുന്നുണ്ട്. കുട്ടികളുടെ മാനസികവും ശാരീരികവും ആത്മീയവും ധാർമ്മികവുമായ വളർച്ചയെ സംരക്ഷിക്കുന്നതിനുള്ള രാജ്യത്തിന്റെ നിയമ വ്യവസ്ഥകൾ പാലിക്കുന്നതിൽ ബൈറ്റ്ഡാൻസ് പരാജയപ്പെട്ടുവെന്ന് കിർഗിസ്‌ഥാൻ ഡിജിറ്റൽ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ചൈനയുമായി അതിർത്തി പങ്കിടുന്ന അടുത്ത സാമ്പത്തിക ബന്ധം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് കിർഗിസ്ഥാൻ. കിർഗിസ്ഥാന്റെ പുതിയ നീക്കത്തിൽ ചൈനീസ് ഉദ്യോഗസ്ഥർ ഇതുവരെ ഒരു പരസ്യ പ്രതികരണത്തിന് മുതിർന്നിട്ടില്ല. ചൈനീസ് ബന്ധവും ഡാറ്റാ നയങ്ങളിലെ ആശങ്കയും കണക്കിലെടുത്ത് യുഎസും യൂറോപ്യൻ യൂണിയനും ടിക് ടോക്കിന്റെ നിരോധനത്തെ പറ്റി ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്.

Related Articles

Latest Articles