Friday, May 17, 2024
spot_img

ഐഎസ്‌ഐയ്ക്ക് വേണ്ടി വിവരങ്ങൾ ചോർത്തി നൽകി; മോസ്‌കോയിലെ ഇന്ത്യൻ എംബസി ജീവനക്കാരൻ യുപി ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ പിടിയിൽ

ലക്‌നൗ: പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുള്ളയാൾ ഇന്ത്യൻ എംബസി ജീവനക്കാരൻ അറസ്റ്റിൽ. ഹാപൂർ സ്വദേശി സത്യേന്ദ്ര സൈവാൾ ആണ് അറസ്റ്റിലായത്. മോസ്‌കോയിലെ ഇന്ത്യൻ എംബസിൽ ജോലി ചെയ്തുവരികയായിരുന്നു ഇയാൾ.

മോസ്‌കോയിലെ ഇന്ത്യൻ എംബസിയിൽ നിന്നും നിർണായക വിവരങ്ങൾ ചോർത്തുന്നതായി യുപി ഭീകര വിരുദ്ധ സ്‌ക്വാഡിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സത്യേന്ദ്ര സൈവാൾ പിടിയിലായത്. ഇയാളെ കസ്റ്റഡിയിൽ എടുത്ത് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ സത്യേന്ദ്ര പരസ്പര വിരുദ്ധമായ ഉത്തരങ്ങൾ ആണ് നൽകിയത്. എന്നാൽ ചോദ്യം ചെയ്യൽ അന്വേഷണ സംഘം കടുപ്പിച്ചതോടെ ഇയാൾ കുറ്റസമ്മതം നടത്തുകയായിരുന്നു. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

ചാര സംഘടനയിൽ നിന്നും പണം വാങ്ങിയാണ് വിവരങ്ങൾ ചോർത്തി നൽകിയത് എന്ന് ഇയാൾ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. തന്ത്രപ്രധാന വിവരങ്ങളും, പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട വിശദാംശങ്ങളും കൈമാറിയിട്ടുണ്ടെന്നും ഇയാൾ അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് വിവരം. മോക്‌സോയിലെ ഇന്ത്യൻ എംബസിയിൽ എംടിഎസ് ( മൾട്ടി ടാസ്‌ക്കിംഗ് സ്റ്റാഫ് ) ആയിട്ടായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത്.

Related Articles

Latest Articles