ജമ്മു കാശ്മീരിലെ സംസ്ഥാന ലെജിസ്ലേറ്റിവ് കൗണ്‍സില്‍ റദ്ദാക്കി. ജമ്മു കാശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പ്രഖ്യാപിച്ച നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് 62 വര്‍ഷം പഴക്കമുള്ള സംസ്ഥാന ലെജിസ്ലേറ്റിവ് കൗണ്‍സില്‍ റദ്ദാക്കിയത്. സംസ്ഥാന നിയമസഭ നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും ഉപരിസഭയായി പ്രവര്‍ത്തിച്ചിരുന്ന സംസ്ഥാന ലെജിസ്ലേറ്റിവ് കൗണ്‍സില്‍ ഇല്ലാതാവുകയായിരുന്നു.
116 ലെജിസ്ലേറ്റിവ് കൗണ്‍സില്‍ ജീവനക്കാരോട് പൊതുഭരണ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു.കൗണ്‍സില്‍ ജീവനക്കാരോട് ഒക്ടോബര്‍ 22നകം റിപ്പോര്‍ട്ട് ചെയ്യാനാണ് ബുധനാഴ്ച രാത്രി ഇറങ്ങിയ ഉത്തരവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ആഗസ്റ്റ് അഞ്ചിനാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കുകയും ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തത്. ഒക്ടോബര്‍ 31ന് കേന്ദ്രഭരണപ്രദേശങ്ങള്‍ നിലവില്‍ വരും.
ജമ്മു കശ്മീരില്‍ കൗണ്‍സിലുമായി ബന്ധപ്പെട്ട വാഹനങ്ങളടക്കമുള്ള മുഴുവന്‍ വസ്തുക്കളും കെട്ടിടങ്ങളും പൊതുഭരണ വകുപ്പിന് കൈമാറണമെന്നും ഉത്തരവിലുണ്ട്. പാര്‍ലമെന്റ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ 1957ലാണ് ലെജിസ്ലേറ്റിവ് കൗണ്‍സില്‍ രൂപവത്കരിച്ചത്.

