Monday, April 29, 2024
spot_img

കശ്മീരിൽ വെടിവയ്പ്പ് നടത്തി പ്രമുഖരെ കൊല്ലാൻ പദ്ധതിയിട്ട ഭീകരസംഘം പിടിയിൽ; പ്രതികളുടെ ലഷ്‌കർ ബന്ധം പുറത്തുവിട്ട് സുരക്ഷാ സേന; സംയുക്ത സേനാ നീക്കം രഹസ്യ വിവരത്തെ തുടർന്ന്

സംസ്ഥാനത്ത് ഭീകരാക്രമണങ്ങൾക്കും കൊലപാതകങ്ങൾക്കും പദ്ധതിയിട്ട ഭീകരസംഘത്തെ പിടികൂടി സുരക്ഷാസേന. 29 രാഷ്ട്രീയ റൈഫിൾസും, ബാരാമുള്ള പോലീസും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് ആയുധങ്ങളുമായി ഭീകരർ പിടിയിലായത്. ബന്ദിപോര സ്വദേശികളായ ദായേം മജീദ് ഖാൻ, ഉബൈർ താരിഖ് എന്നീ ഭീകരർ അന്യസംസ്ഥാന തൊഴിലാളികളെയടക്കം വെടിവച്ചു കൊല്ലാനും സ്ഫോടനങ്ങൾ നടത്താനും പദ്ധതിയിട്ടിരുന്നുവെന്നും ഭീകര സംഘത്തിന്റെ നീക്കത്തെ കുറിച്ചുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് സംഘം പിടിയിലായതെന്നും ജമ്മു കശ്‌മീർ പോലീസ് വക്താവ് അറിയിച്ചു. റോഡുമാർഗ്ഗം നീങ്ങുകയായിരുന്ന ഭീകരസംഘത്തെ വിവിധയിടങ്ങളിൽ ചെക്ക്പോസ്റ്റ് സ്ഥാപിച്ച് നിരീക്ഷിച്ചാണ് വലയിലാക്കിയത്. സുരക്ഷാ സേനയുടെ സാന്നിധ്യം മനസ്സിലാക്കിയ ഭീകര സംഘം രക്ഷപ്പെടാനും ശ്രമം നടത്തിയിരുന്നു.

അറസ്റ്റിനെ തുടർന്ന് ജമ്മുകശ്മീർ പോലീസ് യു എ പി എ വകുപ്പുകൾ ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളിൽ നിന്ന് വൻ ആയുധശേഖരവും പിടിച്ചെടുത്തിട്ടുണ്ട്. പ്രാഥമിക ചോദ്യം ചെയ്യലിൽ പിടിയിലായ ഭീകരർക്ക് പാക് ഭീകര സംഘടനയായ ലഷ്കർ ഇ ത്വയ്ബ യുടെ അംഗങ്ങളാണെന്നും ചൈനീസ് നിർമ്മിത പിസ്റ്റലുകൾ നൽകി സംസ്ഥാനത്ത് നിരപരാധികളെ വെടിവയ്ച്ച് കൊല്ലുകയായിരുന്നു ദൗത്യമെന്നും മനസ്സിലായിരുന്നു. രാജ്യത്തിന്റെ പലഭാഗങ്ങളിലും ലഷ്‌കർ ബന്ധമുള്ള ഭീകര സംഘങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പിടിയിലായിട്ടുണ്ട്. ബംഗളുരു നഗരത്തിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ട അഞ്ചംഗ ലഷ്‌കർ സംഘം നേരത്തെ പിടിയിലായിരുന്നു.

കേരളത്തിലടക്കം ഐ എസ് ഭീകരാക്രമണ ശ്രമം തകർത്തതായി എൻ ഐ എ അറിയിച്ചിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും നടന്ന പരിശോധനയിൽ ആക്രമണത്തിന് തയ്യാറെടുത്തിരുന്ന നാലംഗ സംഘം പിടിയിലായിരുന്നു. സ്വാതന്ത്ര്യ ദിനം അടുത്തുവരുന്ന സാഹചര്യത്തിൽ രാജ്യമെമ്പാടും വിവിധ സുരക്ഷാ ഏജൻസികൾ ഭീകരർക്കെതിരെ തിരച്ചിലുകളും പരിശോധനയും നടക്കുകയാണ്.

Related Articles

Latest Articles