Sunday, May 5, 2024
spot_img

വേനൽ മഴയോടൊപ്പം അതിശക്തമായ ഇടിമിന്നലിന് സാധ്യത;ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രത നിർദ്ദേശം



വേനൽ മഴയോടൊപ്പം ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 8 മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ആയതിനാൽ പൊതുജനങ്ങൾ ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 8 മണിവരെയുള്ള സമയം ചില കാര്യങ്ങളിൽ മുൻകരുതലും ജാഗ്രതയും പുലർത്താൻ ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിക്കുന്നു.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.

ഗൃഹോപകരണങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

ജന്നലും വാതിലും അടച്ചിടുക

ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.

ഫോൺ ഉപയോഗിക്കരുത്.

ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.

വീടിന്റെ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.

വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.

വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസ്സായ സ്ഥലത്ത് നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.

ഇടിമിന്നൽ ഉണ്ടാകുമ്പോൾ യാതൊരുകാരണവശാലും ജലാശയങ്ങളിൽ ഇറങ്ങുവാൻ പാടില്ല.

പട്ടം പറത്തുവാൻ പാടില്ല.

തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.

ഇടിമിന്നലുള്ള സമയം പുറത്ത് അയയിൽ കിടക്കുന്ന നനഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.

ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം.

വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ് പ്രോട്ടക്ടർ ഘടുപ്പിക്കാം.

ഇടിമിന്നൽ ദൃശ്യമല്ല എന്നതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 8 മണിവരെയുള്ള സമയത്ത് കുട്ടികളെ തുറസായ സ്ഥലത്ത് കളിയ്ക്കാൻ അനുവദിക്കരുത് .

തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപെട്ട പ്രസംഗ വേദികളിൽ ഇടിമിന്നൽ ഉള്ള സമയം നിന്നുകൊണ്ടുള്ള പ്രസംഗം ഒഴിവാക്കുക. പ്രാസംഗികർ ഉയർന്ന വേദികളിൽ ഇത്തരം സമയങ്ങളിൽ നിൽക്കാതിരിക്കുകയും, മൈക്ക് ഉപയോഗിക്കാതിരിക്കുകയും ചെയ്യുക.

Related Articles

Latest Articles