Monday, May 13, 2024
spot_img

പ്രാദേശിക ഭാഷകൾ വളർത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വം : രാഷ്ട്രപതി രാഷ്ട്രപതി രാംനാഥ് കോവിന്ദ്

ദിസ്പൂര്‍: പ്രാദേശിക ഭാഷകളെ വളർത്തിയെടുക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഏതൊരു ഭാഷയിലെ സാഹിത്യ ശാഖയും ജീവനോടെയും പ്രസക്തമായും സമൂഹത്തില്‍ പന്തലിച്ചു നില്‍ക്കണമെങ്കില്‍, അവിടത്തെ യുവജനങ്ങളുടെ പങ്കാളിത്തം ഒഴിച്ചുകൂടാനാവാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആസാമില്‍, ബോഡോ സാഹിത്യ സഭയുടെ വാര്‍ഷിക സമ്മേളനത്തില്‍ പ്രസംഗിക്കവേയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

അതേസമയം ബോഡോ സാഹിത്യ സഭ സ്ഥാപിച്ച്‌ 61 വര്‍ഷം പിന്നിടുമ്പോള്‍ സംഘടിപ്പിച്ച ചടങ്ങില്‍, മുഖ്യാതിഥിയായാണ് രാഷ്ട്രപതി ചടങ്ങില്‍ പങ്കെടുത്തത്. കഴിഞ്ഞ ദിവസം നടന്ന പ്രസംഗത്തില്‍, പ്രാദേശിക ഭാഷകള്‍ പ്രചരിപ്പിക്കേണ്ടതും വളര്‍ത്തേണ്ടതും ഓരോ തദ്ദേശ സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ഉത്തരവാദിത്വമാണ് എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. അതിനാല്‍ തന്നെ, യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കണമെന്നും രാംനാഥ് കോവിന്ദ് ആവശ്യപ്പെട്ടു.

എന്നാൽ ഭാഷാവിവാദം രാജ്യമെമ്പാടും കത്തി നിൽക്കവേയാണ് രാഷ്ട്രപതി ഈ പ്രസംഗം നടത്തിയത്. മുൻപ് ഹിന്ദി ദേശീയ ഭാഷയായി അംഗീകരിക്കുമോയെന്ന വിഷയത്തിൽ ബോളിവുഡ്, ദക്ഷിണേന്ത്യൻ സിനിമാ ലോകവും രാഷ്ട്രീയക്കാരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. തുടർന്ന് അജയ് ദേവ്ഗൺ, സോനു സൂദ്, സുഹാസിനി, ചിരഞ്ജീവി, സ്റ്റാലിൻ തുടങ്ങിയ പ്രമുഖരെല്ലാം ഇരുഭാഗത്തുമായി അണിനിരന്ന് തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles