Sunday, April 28, 2024
spot_img

അനന്തുവിൻ്റെ മരണം; പ്രദേശത്ത് അപകടങ്ങൾ നടക്കുന്നത് പതിവെന്ന് നാട്ടുകാർ; നിയമം ലംഘിച്ച് ഏത് സമയത്തും ടിപ്പർ ഓടുന്നുവെന്ന് പരാതി; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് കരിങ്കല്ലുമായി പോയ ലോറിയിൽ നിന്നും കരിങ്കല്ല് തെറിച്ചുവീണ് ബിഡിഎസ് വിദ്യാർത്ഥിയായ മുക്കോല സ്വദേശി അനന്തു മരിച്ചതിൽ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ. പ്രദേശത്ത് ഇത്തരത്തിലുള്ള അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു.

അതേസമയം, അനന്തുവിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. കഴിഞ്ഞ ദിവസമാണ് ശരീരത്തിൽ കല്ലുവീണ് അനന്തു മരിക്കുന്നത്. രാവിലെ കോളേജിലേക്ക് പോയ മകന്റെ മരണ വാർത്തയാണ് മാതാപിതാക്കൾ അറിയുന്നത്. അനന്തുവിന്റെ മരണം വിദേശത്തായിരുന്ന അച്ഛൻ അറിഞ്ഞത് വാർത്തയിലൂടെയാണ്.

അനന്തുവിന് ശസ്ത്രക്രിയയ്ക്ക് മുമ്പ് മൂന്നു തവണ ഹൃദ​യാഘാതം ഉണ്ടായെന്ന് അനന്തുവിന്റെ അച്ഛന്റെ സഹോദരൻ പറഞ്ഞു. ആദ്യത്തെ ശസത്രക്രിയക്ക് കൊണ്ടുപോയപ്പോൾ തന്നെ ശസ്ത്രക്രിയ ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു. കല്ല് വീണ് ആന്തരികാവയവങ്ങളെല്ലാം തകർന്നുപോയിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞതായും അച്ഛന്റെ സഹോദരൻ പറയുന്നു. ആറുമാസം കഴിഞ്ഞാൽ വീടിന് മുന്നിൽ ഡോക്ടറുടെ ബോർഡ് വെക്കുമായിരുന്നുവെന്നും കുടുംബം അതിനായി കാത്തിരിക്കുകയായിരുന്നുവെന്നും അച്ഛൻ്റെ സഹോദരൻ പറഞ്ഞു.

അതേസമയം, സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സുരക്ഷാ വീഴ്ച പരിശോധിച്ച് ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. ഏപ്രിൽ 2ന് തിരുവനന്തപുരം കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ദ്യശ്യ മാദ്ധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.

നിംസ് കോളേജിലെ നാലാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്നു അനന്തു. അനന്തുവിൻ്റെ വീടിന് അടുത്തുവെച്ചായിരുന്നു അപകടം. തുറമുഖ നിർമ്മാണത്തിനായി കല്ലുകൾ കൊണ്ടുപോയ ടിപ്പർ ലോറി റോഡിലെ കുഴിയിലേക്കിറങ്ങിയപ്പോൾ കല്ല് പുറത്തേക്ക് തെറിക്കുകയായിരുന്നു. അനന്തുവിൻ്റെ വാഹനത്തിനു പുറത്തേക്കായിരുന്നു കല്ല് വീണത്. ടിപ്പർ അമിത വേഗത്തിലാണ് വന്നതെന്ന് നാട്ടുകാർ പറയുന്നു. തുറമുഖ നിർമ്മാണത്തിനായി കല്ലുകൾ കൊണ്ടുപോകുന്ന ടിപ്പറുകളുടെ അമിതവേഗത്തിനെതിരെ നേരത്തെ പരാതി ഉണ്ടായിരുന്നു.

രാവിലെ ടിപ്പർ ഓടിക്കില്ലെന്ന് നേരത്തെ ജില്ലാഭരണകൂടവും തുറമുഖ അധികൃതരും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയിലെത്തിയിരുന്നു. അത് ലംഘിച്ച് വീണ്ടും ഏത് സമയങ്ങളിലും ടിപ്പർ ഓടുന്നുവെന്നാണ് പരാതി.

Related Articles

Latest Articles