Thursday, May 16, 2024
spot_img

കോവിഡ് പ്രതിസന്ധി: രണ്ടു ജീവനുകൾ കൂടി പൊലിഞ്ഞു; സംസ്ഥാനത്ത് 44 ദിവസത്തിനുള്ളിൽ ജീവനൊടുക്കിയത് 22 പേര്‍

കോഴിക്കോട്: കോവിഡ് പ്രതിസന്ധി മൂലം സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ. വടകരയിലും അത്തോളിയിലുമായി രണ്ടുപേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടകരയിൽ ഓട്ടോ ഡ്രൈവറായ വൈക്കിലശ്ശേരി സ്വദേശി ഹരീഷ് ബാബുവിനേയും അത്തോളിയിൽ കോതങ്കൽ പിലാച്ചേരി മനോജിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കടുത്ത സാമ്പത്തിക പ്രതസന്ധിയാണ് രണ്ടുപേരേയും മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഹരീഷിനെ താമസിച്ചിരുന്ന വാടക ക്വാർട്ടേഴ്സിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ തനിച്ചായിരുന്നു ഇവിടെ താമസിച്ചത്. രണ്ട് സംഭവത്തിലും പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മനോജിന്റെ മൃതദേഹം മലബാർ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം കോവിഡ് പ്രതിസന്ധിയിൽ കൊല്ലത്ത് ബ്യൂട്ടി പാർലർ തുറക്കാൻ കഴിയാത്തതിനെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ബിന്ദു (44)വിനേയും തൂങ്ങി മരിച്ച നിലയിൽ ഇന്നലെ കണ്ടെത്തിയിരുന്നു. 20 വർഷത്തിലേറെയായി വീടിനോടു ചേർന്ന് ബ്യൂട്ടി പാർലർ നടത്തിയിരുന്ന ബിന്ദു ഒന്നരവർഷംമുമ്പാണ് കൊട്ടിയത്ത് കട വാടകയ്ക്കെടുത്ത് ബ്യൂട്ടി പാർലർ തുടങ്ങിയത്. ഏറെക്കഴിയും മുമ്പേ കോവിഡ് വ്യാപനം കാരണം സ്ഥാപനം അടച്ചിടേണ്ടിവന്നു. ലക്ഷങ്ങൾ ചെലവഴിച്ച് ഉന്നതനിലവാരത്തിൽ ആരംഭിച്ച സ്ഥാപനം, അടച്ചിടൽ നീണ്ടതോടെ വലിയ ബാധ്യതയായിമാറി. കിട്ടാനുള്ള തുകകളും മുടങ്ങി. വായ്പകളുടെ അടവ് മുടങ്ങിയതോടെ സാമ്പത്തിക ബാധ്യത ക്രമാതീതമായി ഉയർന്നു.

കഴിഞ്ഞ 44 ദിവസത്തിനിടെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 22 പേരാണ് ആത്മഹത്യ ചെയ്തത്. കേരളത്തിൽ ജൂണ്‍ 21 മുതൽ 44 ദിവസത്തിൽ സാമ്പത്തിക പ്രതിസന്ധിമൂലം ആത്മഹത്യ ചെയ്തവരുടെ എണ്ണം 22 ആയി. മെയ് എട്ടു മുതലാണ് ലോക്ക് ഡൗൺ മൂലം കേരളം നിയന്ത്രണം കടുപ്പിച്ചത്. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാകുമോ മുന്നോട്ട് വരാനിരിക്കുന്നത് എന്നാണ് ആശങ്കയോടെ നോക്കിക്കാണുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ കോട്ടയം ജില്ലയിൽ മൂന്ന് ജീവനുകളാണ് പൊലിഞ്ഞത്. കോവിഡ് പ്രതിസന്ധി ശക്തമായതിനെ തുടര്‍ന്ന് തലസ്ഥാന ജില്ലയിലും ആത്മഹത്യാ പരമ്പരകള്‍ ഉണ്ടായിട്ടുണ്ട്.

ജൂണ്‍ 21ന് തിരുവനന്തപുരത്ത് ജീവനൊടുക്കിയത് മൂന്നംഗ കുടുംബമാണ്. മനോജ് കുമാര്‍, ഭാര്യ രഞ്ജു, മകള്‍ അമൃത എന്നിവരാണ് മരിച്ചത്. സ്വര്‍ണപ്പണിക്കാരനായിരുന്നു ഗൃഹനാഥന്‍. അതിനു പുറമെ, ജൂലൈ രണ്ടിന് തിരുവനന്തപുരത്ത് മായ ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഉടമ നിര്‍മല്‍ ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തി. ജൂലൈ 17ന് പാലക്കാട്ട് ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഉടമ പൊന്നു മണി ആത്മഹത്യ ചെയ്തു. ജൂലൈ 22ന് തിരുവനന്തപുരത്ത് മലയിന്‍കീഴിലെ ബേക്കറി ഉടമ വിജയകുമാര്‍ ജീവനൊടുക്കി. ഇതിനുപുറമെ മറ്റു ജില്ലകളിലും നിരവധി ആത്മഹത്യകൾ റിപ്പോർട്ട് റിപ്പോർട്ട് ചെയ്തിരുന്നു. ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് മേഖലയിൽ മാത്രം അഞ്ച്‌ ജീവനുകളാണ് പൊലിഞ്ഞത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles