Thursday, May 23, 2024
spot_img

മതം നോക്കാതെ തീവ്രവാദം അവസാനിപ്പിക്കുമെന്ന് അമിത് ഷാ: എന്‍ ഐ എ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായി

ദില്ലി: എന്‍ ഐ എയ്ക്ക് കൂടുതൽ അധികാരം നൽകുന്ന ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായി. ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. പുതിയ ഭേദഗതി പ്രകാരം ഇനിമുതൽ ഇന്ത്യക്കാര്‍ക്കെതിരെ വിദേശങ്ങളില്‍ നടക്കുന്ന ആക്രമണങ്ങളും എന്‍ ഐ എയ്ക്ക് അന്വേഷിക്കാം. എന്‍ ഐ എയ് ക്ക് ലഭിക്കുന്ന കൂടുതല്‍ അധികാരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന പ്രതിപക്ഷ വിമര്‍ശനം തള്ളിയാണ് ബില്‍ ലോക്‌സഭ പാസാക്കിയത്.

എന്‍ ഐ എയുടെ അധികാരം മതത്തിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യില്ലെന്ന അമിത് ഷായുടെ ഉറപ്പോടെയാണ് ബിൽ പാസാക്കിയത്. എന്നാല്‍ മതത്തിന്‍റെ പരിഗണനയില്ലാതെ തീവ്രവാദം അവസാനിപ്പിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

തീവ്രവാദം തടയുന്നതിന് നിലവിലുണ്ടായിരുന്ന പ്രിവന്‍ഷന്‍ ഓഫ് ടെററിസം ആക്ട് (പോട്ട) പിന്‍വലിച്ചതിന് മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അമിത് ഷാ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. പോട്ട പിന്‍വിച്ചത് അതിന്റെ ദുരുപയോഗം കാരണമല്ല. മറിച്ച് വോട്ട് ബാങ്കിന് വേണ്ടിയാണെന്നും അമിത് ഷാ ആരോപിച്ചു.

പോട്ട പിന്‍വലിച്ചത് തീവ്രവാദ ആക്രമണങ്ങള്‍ വര്‍ധിക്കാന്‍ കാരണമായി. വര്‍ധിച്ച ഭീകരാക്രമണങ്ങള്‍ കാരണമാണ് മുംബൈ ഭീകരാക്രമണത്തിന് ശേഷം യു പി എ സര്‍ക്കാരിന് എന്‍ ഐ എ രുപീകരിക്കേണ്ടി വന്നതെന്നും അമിത് ഷാ പറഞ്ഞു. എന്‍ ഐ എ ഭേദഗതി ബില്ലിന് എല്ലാ പാര്‍ട്ടികളും പിന്തുണ നല്‍കണമെന്നും സഭയിലെ ഭിന്നാഭിപ്രായങ്ങള്‍ തീവ്രവാദികളെ സന്തോഷിപ്പിക്കുകയേ ഉള്ളുവെന്നും അമിത് ഷാ പറഞ്ഞു.

Related Articles

Latest Articles