കാഹളം മുഴങ്ങിയിരിക്കുന്നു. ‘ഭാരത യുദ്ധം 2019’ തുടങ്ങുകയായി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ മാമാങ്കത്തിന് തീയതിയും, സമയവും കുറിച്ചു കഴിഞ്ഞു. ആകെ തൊണ്ണൂറ് കോടി സമ്മതിദായകർ. അതിൽ 8.4 കോടി പുതു സമ്മതിദായകർ. പത്തു ലക്ഷം പോളിംഗ് ബൂത്തുകൾ. എല്ലായിടത്തും വിവിപാറ്റ്‌ സംവിധാനം. പുതിയ വോട്ടർമാർക്കായി 1950 എന്ന പ്രത്യേക ടോൾ ഫ്രീ നമ്പർ. വോട്ടിങ് യന്ത്രത്തിൽ ഇക്കുറി സ്ഥാനാർത്ഥികളുടെ ചിത്രവും പതിപ്പിക്കും എന്ന പ്രത്യേകത. അപരന് പണിയാകുമെന്നർത്ഥം. 2019 ഏപ്രിൽ 11 ന് ആരംഭിച്ച് മെയ് 19 ന് അവസാനിക്കുന്ന ഏഴു ഘട്ടങ്ങളിലായി നടക്കുന്ന പൊതു തിരഞ്ഞെടുപ്പിലെ വിശേഷങ്ങളാണിത്. മെയ് 23ന് ഫലപ്രഖ്യാപനം. കേരളത്തിൽ ഏപ്രിൽ 23നാണ് ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുക. ഇന്ന് മുതൽ രാജ്യത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിലവിൽ വന്നു.

പുൽവാമയിലെ ആക്രമണവും ബാലാക്കോട്ടിലെ പ്രത്യാക്രമണവും കഴിഞ്ഞ് രാജ്യം ഒരു യുദ്ധസാഹചര്യം വരെ മുന്നിൽ കണ്ട ദിവസങ്ങളിൽ പൊതു തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കേണ്ടി വരുമോ എന്ന ആശങ്ക ഉയർന്നിരുന്നു. അതിർത്തികൾ ഇപ്പോഴും സംഘർഷഭരിതമാണെങ്കിലും, യുദ്ധം പോലെയുള്ള അടിയന്തിര സാഹചര്യങ്ങളെല്ലാം മറികടന്നു രാജ്യം തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുകയാണ്. ചെറുതും, വലുതുമായ ഒട്ടേറെ പാർട്ടികളും, മുന്നണികളും ഉണ്ടെങ്കിലും രാഷ്ട്രീയ ധ്രുവീകരണങ്ങൾ സുവ്യക്തമാണ്.

നരേന്ദ്രമോദിയും മറ്റുള്ളവരും തമ്മിൽ നേരിട്ടുള്ള ഒരു യുദ്ധമാണ് ഇക്കുറി നടക്കുന്നത്. പലതായി പൊരുതുന്നു എങ്കിലും പൊതുവിൽ എല്ലാ പ്രതിപക്ഷ കക്ഷികളും നരേന്ദ്രമോദിയെ പുറത്താക്കണം എന്ന ലക്ഷ്യം മുൻനിർത്തിയാണ് പൊരുതുന്നത്.

രാജ്യത്തെ ജനങ്ങൾ മാത്രമല്ല, ലോകരാജ്യങ്ങൾ അപ്പാടെ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന തിരഞ്ഞെടുപ്പ് കൂടിയാണ് വരാൻ പോകുന്നത്. പാകിസ്ഥാൻ പോലെയുള്ള ശത്രു രാജ്യങ്ങൾ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കൂട്ടുകക്ഷി ഭരണം പിടിക്കണമെന്ന് പരസ്യമായി ആഗ്രഹം പ്രകടിപ്പിക്കുമ്പോൾ, അമേരിക്ക മുതൽ ഇസ്രായേൽ വരെയും, റഷ്യ മുതൽ ജപ്പാൻ വരെയുമുള്ള സൗഹൃദനിക്ഷേപ രാഷ്ട്രങ്ങൾ നരേന്ദ്രമോദി തിരിച്ചു ഭരണത്തിലെത്തണമെന്ന് ആഗ്രഹിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ജനുവരി അവസാന വാരം വരെയുള്ള വിവിധ പോളുകളിൽ എൻഡിഎ ഏറ്റവും വലിയ കക്ഷി ആകുമെങ്കിലും, കേവല ഭൂരിപക്ഷം ആർക്കും ഉണ്ടാവില്ല എന്നാണ് പ്രവചിച്ചിരുന്നത്. നരേന്ദ്രമോദിയുടെ ജനപ്രീതി 42 ശതമാനം വരെ ആയിരുന്നു എങ്കിൽ പാകിസ്ഥാന് മേലുള്ള രണ്ടാം സർജ്ജിക്കൽ സ്ട്രൈക്കോടെ ജനപ്രീതി കുതിച്ചുയരുന്ന കാഴ്ചയാണ് ഇപ്പോൾ.

ഇതോടൊപ്പം, മഹാഗഡ്ബന്ധൻ പലതായി പൊട്ടിപ്പിരിയുന്ന കാഴ്ച കൂടി ആകുമ്പോൾ, ചുവരെഴുത്ത് വ്യക്തമാണ്. ‘ഭാവി പ്രധാനമന്ത്രി’ എന്ന് ഇരട്ടപ്പേര് തന്നെ വീണ രാഹുൽ ഗാന്ധിയുടെ ഭാവി കൂടിയാണ് ഈ തിരഞ്ഞെടുപ്പിൽ തീരുമാനം ആകാൻ പോകുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഒരു പ്രധാനമന്ത്രിയെ യാതൊരു ബഹുമാനമോ, തെളിവോ കൂടാതെ പരസ്യമായി കള്ളൻ എന്ന് വിളിച്ചു രാഹുൽ ഗാന്ധി നടത്തുന്ന പ്രചരണങ്ങളുടെ മാറ്റ് കൂടിയാകും ഈ തിരഞ്ഞെടുപ്പിൽ ഉരയ്ക്കപ്പെടുക.

രാഷ്ട്രീയ വിഷയങ്ങൾക്ക് പുറമെ ഭരണനേട്ടങ്ങളും, കോട്ടങ്ങളും ചർച്ചയാകുന്ന ഒരു തിരഞ്ഞെടുപ്പ് ആകുമിത്. നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങി റാഫേൽ വരെ പ്രതിപക്ഷം ആയുധമാക്കുമ്പോൾ, ജനധൻ അക്കൗണ്ടിൽ തുടങ്ങി കള്ളപ്പണ നിയന്ത്രണം, ശുചിത്വഭാരതം, തുടങ്ങി വിവിധ വികസന നേട്ടങ്ങളും, രാജ്യരക്ഷയും മുൻനിർത്തിയാകും എൻഡിഎ തിരഞ്ഞെടുപ്പിനെ നേരിടുക. അഴിമതി വിരുദ്ധ പ്രതിഛായ ആണ് മോദി സർക്കാരിന്റെ ഏറ്റവും വലിയ മുതൽക്കൂട്ട്. റാഫേൽ ആരോപണങ്ങൾ പ്രതിപക്ഷം ഉയർത്തുന്നുവെങ്കിലും, സുപ്രീം കോടതിയും, എജി റിപ്പോർട്ടും അവിടെയും എൻഡിഎയുടെ പക്ഷത്തുണ്ട്. മറ്റൊരു ആരോപണവും ഉയർത്താനില്ല എന്നതാണ് പ്രതിപക്ഷ നിരയുടെ ദൗർബല്യവും.

എന്നാൽ ഇതിനെല്ലാം പുറമെ തിരഞ്ഞെടുപ്പിൽ പ്രധാന വിഷയമായി ജനസ്വാധീനം ചെലുത്തുന്ന ചില വിഷയങ്ങൾ ഉണ്ടെന്നതാണ് സത്യം. ‘അയോദ്ധ്യാ വിഷയം’ ഉത്തരേന്ത്യൻ രാഷ്ട്രീയ രംഗത്ത് ചലനം സൃഷ്ടിക്കും എന്ന് ഉറപ്പുള്ളപ്പോൾ, ശബരിമല വിഷയം കേരളത്തിലെ അടിയൊഴുക്ക് നിയന്ത്രിക്കാൻ പാകത്തിനുള്ളതാണ്.

സ്ഥാനാർഥി നിർണ്ണയങ്ങളും, ജയാപരാജയ സാദ്ധ്യതകളുമാണ് ഇക്കുറി രസകരമായ മറ്റൊരു വിഷയം. രാഹുൽ ഗാന്ധിയുടെ മണ്ഡലം ഏതാകുമെന്ന ആകാംക്ഷയിലാണ് എല്ലാവരും. അമേതി , രാഹുലിന് സുരക്ഷിത മണ്ഡലമല്ലാതെ ആയിക്കഴിഞ്ഞു എന്നതാണ് ഇതിന് ആധാരം. സ്മൃതി ഇറാനി, രാഹുലിന് കനത്ത വെല്ലുവിളി ഉയർത്തി അമേതി പിടിക്കും എന്നാണ് കരുതപ്പെടുന്നത്. പ്രധാനമന്ത്രി, നരേന്ദ്രമോദി വാരണാസിയിൽ നിന്നും വീണ്ടും മത്സരിക്കും എന്ന് ഉറപ്പായിക്കഴിഞ്ഞു. സോണിയ ഗാന്ധി, റായ്ബറേലിയിലും മത്സരിക്കും. പ്രിയങ്ക മത്സരിക്കുമോ എന്നതാണ് മറ്റൊരു ചോദ്യം. ഗവർണ്ണർ സ്ഥാനം ത്യജിച്ച്, തിരുവനന്തപുരത്ത് മത്സരിക്കാനെത്തുന്ന കുമ്മനം, ശശി തരൂരിന് ഉയർത്തുന്ന വെല്ലുവിളി വളരെ വലുതാണ്. ആലപ്പുഴ ഉപേക്ഷിച്ച് കെ സി വേണുഗോപാലും, വയനാടിനായി പൊരുതുന്ന ഭൈമീ കാമുകന്മാരുമാണ് കേരളത്തിലെ നിലവിലെ സീറ്റ് വിശേഷങ്ങൾ.

ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥാനാർഥികൾ പത്രപരസ്യത്തോടെ അത് പരസ്യപ്പെടുത്തണമെന്ന കുഴപ്പിക്കുന്ന ഒരു നിർദ്ദേശം തിരഞ്ഞെടുപ്പ് കമ്മീഷൻ വച്ചിട്ടുണ്ട്. കേരളത്തിൽ, തരൂർ മുതൽ ജയരാജൻ വരെയുള്ള സ്ഥാനാർഥികൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ തീരുമാനത്തിന് എതിരാകുമെന്ന് നിശ്ചയം.