Saturday, April 20, 2024
spot_img

കേന്ദ്രപൊലീസ് സേന: രാജ്യസുരക്ഷയുടെ അദൃശ്യ കരങ്ങൾ

ജിതിൻ ജേക്കബ്

ഇന്ന് പൊതു തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിപ്പിച്ചിരിക്കുന്നു. പുൽവാമയിലെ ആക്രമണവും, ഇന്ത്യയുടെ പ്രത്യാക്രമണവുമെല്ലാം ചർച്ചയാകുന്ന ഈ തിരഞ്ഞെടുപ്പിൽ, രാജ്യം യഥാർത്ഥത്തിൽ ചർച്ച ചെയ്യേണ്ട ഒരു വിഷയം അവതരിപ്പിക്കുകയാണ്, ജിതിൻ ജേക്കബ് എന്ന യുവ എഴുത്തുകാരൻ. ഓരോ കക്ഷികളും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നൽകാറുണ്ട്. ഇത്തവണ, ജനങ്ങൾ ഓരോ രാഷ്ട്രീയ കക്ഷികളോടും ആവശ്യപ്പെടേണ്ട ഈ വിഷയത്തിൽ ജിതിൻ എഴുതിയ ഗൗരവമേറിയ ഒരു വിഷയം വായിക്കൂ.

തല്ല് മുഴുവൻ ചെണ്ടക്കും കാശ് മാരാർക്കും എന്ന് കേട്ടിട്ടില്ലേ. അതാണ് പാരാമിലിറ്ററി ഫോഴ്സ് എന്ന് നമ്മൾ വിളിക്കുന്ന Central Armed Police Force (CAPF) ന്റെ അവസ്ഥ.

പുൽവാമയിൽ 40 സൈനികർ വീരമൃത്യ വരിച്ചു. മാധ്യമങ്ങളും, രാഷ്ട്രീയക്കാരും, ഞാൻ അടക്കമുള്ള പൊതുസമൂഹവും ഇന്ത്യൻ ആർമിക്ക് ജയ് വിളിച്ചു. പുൽവാമയിൽ കൊല്ലപ്പെട്ടത് CRPF ജവാന്മാരാണ്. പക്ഷെ നമ്മൾ ജയ് വിളിച്ചത് ഇന്ത്യൻ ആർമിക്കും!

നമ്മുക്ക് രണ്ട് സെക്യൂരിറ്റി ഫോഴ്സസ് ആണുള്ളത്.

  1. Indian Armed Force
  2. Central Armed Police Force (CAPF)

ഇന്ത്യൻ Armed ഫോഴ്സ് എന്നതിൽ വരുന്നതാണ് ഇന്ത്യൻ ആർമി, ഇന്ത്യൻ എയർ ഫോഴ്സ്, ഇന്ത്യൻ നേവി എന്നിവ. ഇവരുടെ ദൗത്യം എന്നത് രാജ്യത്തിന് പുറത്തുനിന്നുള്ള ശത്രുക്കളെ നേരിടുക എന്നതാണ്. ഈ മൂന്ന് സേനാ വിഭാഗങ്ങളും പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ വരുന്നവയാണ് (Ministry of Defence). ഇതേ മന്ത്രാലയത്തിന് കീഴിൽത്തന്നെ വരുന്നതാണ് കോസ്റ്റ് ഗാർഡും.

ജമ്മു കാശ്മീരിൽ പാകിസ്ഥാൻ അതിർത്തിയിൽ ലൈൻ ഓഫ് കൺട്രോളിന്റെ (LoC) ഭാഗം മാത്രമാണ് ആർമി നിയന്ത്രിക്കുന്നത്. ബാക്കി രാജ്യാന്തര അതിർത്തികളിലെല്ലാം കാവൽ നിൽക്കുന്നത് Central Armed Police Force (CAPF) ആണ്.

എന്താണ് Central Armed Police Force (CAPF)?

ഇക്കൂട്ടരെ ആണ് നമ്മൾ പാരാമിലിറ്ററി ഫോഴ്സസ് എന്ന് വിളിക്കുന്നത്.പക്ഷെ ഔദ്യോഗികമായി അങ്ങനെ വിളിക്കാറില്ല എന്നതാണ് യാഥാർഥ്യം.Central Armed Police Force (CAPF)ൽ വരുന്ന ഫോഴ്‌സുകൾ ഇവയാണ് :-

Assam Rifles (AR)
Border Security Force (BSF)
Central Industrial Security Force (CISF)
Central Reserve Police Force (CRPF)
Indo -Tibetan Border Police (ITBP)
National Security Guard (NSG)
Sashastra Seema Bal (SSB)

ഇതിൽ Assam Rifles (AR) ഒഴികെയുള്ള ബാക്കി Central Armed Police Force (CAPF) വിഭാഗങ്ങളെ നയിക്കുന്നത് ഇന്ത്യൻ പോലീസ് സർവീസിലെ (IPS) ഉദ്യോഗസ്ഥരാണ്. അതുകൊണ്ടുതന്നെ പാരാമിലിറ്ററി ഫോഴ്‌സ് എന്ന് നമ്മുക്ക് ഈ വിഭാഗങ്ങളെ ഒരിക്കലും വിളിക്കാൻ സാധിക്കില്ല.

ഇതുകൂടാതെ നമ്മുക്ക് Special Frontier Force (SFF) എന്ന വിഭാഗവുമുണ്ട്. ഇവർ ഇന്ത്യയുടെ ചാര സംഘടനയായ RAW യുടെ കീഴിൽ ആണ് വരുന്നത് എന്നാണ് മനസിലാക്കുന്നത്. ശത്രുരാജ്യങ്ങളിൽ Covert Operations നടത്താനാണ് ഇന്ത്യ ഇവരെ ഉപയോഗിക്കുന്നത്. പക്ഷെ നമ്മൾ പരസ്യമായി ഇക്കാര്യം സമ്മതിക്കാറില്ല.

മുകളിൽ പറഞ്ഞ Central Armed Police Force (CAPF) ഫോഴ്‌സ് ആണ് യഥാർത്ഥത്തിൽ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ കാര്യങ്ങളിൽ കൂടുതലായും ഇടപെടുന്നത്.

ആർമി, എയർ ഫോഴ്സ്, നേവി എന്നീ വിഭാഗങ്ങൾ സാധാരണഗതിയിൽ യുദ്ധം വരുമ്പോൾ മാത്രമാണ് രംഗത്തിറങ്ങാറുള്ളത് (കാശ്മീരിലെയും, ചില വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെയും സ്ഥിതി വ്യത്യസ്തമാണ്). അതുപോലെതന്നെ ഈ വിഭാഗങ്ങളിലെ സൈനികരുടെ സേവന വേതന വ്യവസ്ഥകളും മികച്ചതാണ്. സേവന കാലയളവിൽ നല്ലൊരു പങ്കും ഇവർക്ക് ലഭിക്കുക പീസ് സ്റ്റേഷൻ പോസ്റ്റിങ്ങ് ആയിരിക്കും. 15 വര്ഷം പൂർത്തിയാക്കിയാൽ അവസാനം വാങ്ങിയ ശമ്പളത്തിന്റെ 50% ത്തിന് മുകളിൽ പെന്ഷനും ലഭിക്കും. കാന്റീൻ സൗകര്യം, നികുതിയിളവ് തുടങ്ങിയ ആനുകൂല്യങ്ങൾ വേറെയും.

അത് അവർ അർഹിക്കുന്നു. ജീവിതത്തിന്റെ യൗവനം മുഴുവൻ രാജ്യത്തിനുവേണ്ടി അർപ്പിക്കുന്നവർക്ക് അത് നൽകുകയും വേണം.

ഇനി നമ്മുക്ക് നമ്മൾ പാരാമിലിറ്ററി എന്ന് വിളിക്കുന്ന Central Armed Police Force (CAPF) ന്റെ കാര്യം നോക്കാം;-

20 വര്ഷം സർവീസ് കാലയളവിൽ 75 – 80% ഉം ഇവർ ഓപ്പറേഷൻസ് ഫീൽഡിൽ ആയിരിക്കും. സർവിസിൽ കയറി 10 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ഓപ്പറേഷൻസ് ഫീൽഡിൽ ജോലിചെയ്യുന്ന സുഹൃത്തുക്കളെ അറിയാം. ട്രെയിനിങ് കഴിഞ്ഞു നേരെ കാശ്മീർ, അവിടെ നിന്ന് കമ്മ്യൂണിസ്റ്റ് തീവ്രവാദ കേന്ദ്രങ്ങളിൽ..

ആർമിക്ക് കിട്ടുന്ന സേവന വേതന വ്യവസ്ഥ അല്ല ഇവർക്കുള്ളത്. മിക്കവാറും ഓപ്പറേഷൻസ് ൽ ആയിരിക്കുന്നതുകൊണ്ട് പരിതാപകരമായ ചുറ്റുപാടിലാണ് താമസം, ഭക്ഷണത്തിന്റെ നിലവാരം പറയുകയേ വേണ്ട. മലമ്പനി പോലുള്ള അസുഖങ്ങൾ മൂലം നിരവധി സൈനികർ മരണപ്പെടുന്നു. മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഇല്ല. എപ്പോഴും ഓപ്പറേഷൻസ് ആയതുകൊണ്ട് കടുത്ത മാനസീക സംഘർഷത്തിലാണ് ഇവർ ജോലി ചെയ്യുന്നത്. അങ്ങനെ വരുമ്പോഴാണ് മേലുദ്യോഗസ്ഥരെ വെടിവെച്ചു കൊന്നു എന്നൊക്കെയുള്ള വാർത്തകൾ വരുന്നത്.

ആർമിയെ അപേക്ഷിച്ചു നോക്കുമ്പോൾ ലീവ് കുറവ്, Allowance കുറവ് (പുൽവാമ സംഭവത്തിന് ശേഷം റിസ്ക് allowance, ലീവ് ന്റെ എണ്ണം എന്നിവ കൂട്ടാൻ തീരുമാനമായി എന്നറിയുന്നു).

ഏറ്റവും ദയനീയമായ കാര്യം പെൻഷൻ ആണ്. ആർമി, നേവി, എയർ ഫോഴ്സ് തുടങ്ങിയ വിഭാഗങ്ങൾക്ക് പഴയ രീതിയിലുള്ള പെന്ഷനും മറ്റ് ആനുകൂല്യങ്ങളും ആകുമ്പോൾ ഇവർക്ക് ലഭിക്കുന്നത് NPS സ്കീം പ്രകാരമുള്ള പെൻഷൻ ആണ്.

2004 ന് ശേഷം ഈ സേനകളിൽ ജോലിക്ക് കയറിയവർക്ക് NPS സ്കീം പ്രകാരമുള്ള പെൻഷൻ എന്നത് കടുത്ത അനീതിയാണ്. കാരണം ആർമിയെക്കാൾ കൂടുതൽ കഠിനമായ സാഹചര്യത്തിൽ ജോലി ചെയ്യുന്ന ഇവർക്ക് പിരിഞ്ഞു വന്നാൽ ലഭിക്കുക വളരെ തുച്ഛമായ പെൻഷൻ ആണ്. 20 വര്ഷം ഏറ്റവും കഠിനമായ സാഹചര്യത്തിൽ ജോലി ചെയ്തു പിരിഞ്ഞുവന്ന ഒരാൾക്ക് മറ്റൊരു ജോലി എന്നത് വളരെ ആയാസകരമായിരിക്കും.

ഇന്ത്യ- ചൈന അതിർത്തി സംരക്ഷിക്കുന്ന ഇൻഡോ ടിബറ്റൻ ഫോർസിലോക്കെ ജോലിചെയ്യുന്നവരുടെ അവസ്ഥ കൂടുതൽ ദയനീയമാണ്. സിയാച്ചിനിലെ കൊടും തണുപ്പിനെ കുറിച്ച് മാത്രമേ നമ്മൾ വായിക്കാറുള്ളൂ. സിയാച്ചിനിൽ ആർമി പോസ്റ്റിങ്ങ് ചുരുങ്ങിയ കാലയളവിൽ ഒരിക്കലോ മറ്റോ ആയിരിക്കും. കാരണം അത്ര കഠിനമാണ് അവിടെ.

ഇന്ത്യ- ചൈന അതിർത്തി മിക്കവാറും മഞ്ഞു മൂടിക്കിടക്കുന്ന പ്രദേശം തന്നെയാണ്. മഞ്ഞിൻറെ കാഠിന്യം കാരണം ശരീരഭാഗങ്ങൾ പോലും മുറിഞ്ഞു പോകുന്ന അവസ്ഥയാണ്. അതുകൂടാതെ High Altitude Pulmonary Edema (HAPO), Acute Cerebral Edema and loss of memory,snow blindness, trench foot തുടങ്ങിയ രോഗങ്ങൾ വേറെയും. ശുദ്ധമായ കുടിവെള്ളം പോലും അപ്രാപ്യമാണ് ഇവർക്ക്.

CRPF എന്ന ഏറ്റവും വലിയ Central Armed Police Force (CAPF) നെ കുറിച്ച് രണ്ടു വാക്ക് പറയാതെ വയ്യ. എന്ത് ജോലിയും ചെയ്യുന്ന ഒരു സേനാവിഭാഗമാണ് ഇവരുടേത്.

കാശ്മീരിൽ “സമാധാനക്കാരുടെ’ കല്ലേറ് കൊള്ളണോ? റെഡി. തിരഞ്ഞെടുപ്പ് നടത്തണോ? റെഡി. ഭീകരരുമായി ഏറ്റുമുട്ടണോ? റെഡി. പാലം പണിയാണോ? റെഡി. പ്രളയം വന്നോ? രക്ഷാപ്രവർത്തനത്തിന് CRPF റെഡി. കമ്മ്യൂണിസ്റ്റ് തീവ്രവാദികളെ നേരിടാണോ? അതിനും CRPF റെഡി.

ഒരു ജവാൻ CRPF ൽ പ്രൊമോഷൻ ആകാൻ 18 വർഷം വേണ്ടിവരും എന്നാണ് കണക്ക്. പിരിഞ്ഞുപോന്നാൽ കിട്ടുന്നതോ? തുച്ഛമായ പെന്ഷനും. ജവാന്മാരുടെ കാര്യം മാത്രമല്ല ഓഫീസർസ്ന്റെ പ്രൊമോഷൻ അവസ്ഥയും ഇങ്ങനെ തന്നെയാണ്.

മുകളിൽ പറഞ്ഞതുപോലെ ആസ്സാം റൈഫിൾസ് ഒഴികെയുള്ള ബാക്കി Central Armed Police Force (CAPF) നെ നയിക്കുന്നത് ഏതെങ്കിലും IPS കാരൻ ആയിരിക്കും. അതുതന്നെയാണ് ഈ ഫോഴ്‌സുകളുടെ ഏറ്റവും വലിയ ശാപവും. Deputation ൽ കുറച്ചുകാലം വരുന്ന ഇവർക്ക് ഇതുപോലുള്ള ഫോഴ്‌സിന്റെ യഥാർത്ഥ പ്രശ്നങ്ങൾ മനസിലാകില്ല അല്ലെങ്കിൽ അവർ അതിന് ശ്രമിക്കില്ല. ഓപ്പറേഷൻസിൽ യാതൊരു പരിചയവുമില്ലാത്ത ആൾ ആ സേനയുടെ തലപ്പത്ത് വന്നാൽ എന്താകും ഉണ്ടാകുക എന്നൂഹിക്കാമല്ലോ?

നമ്മുടെ ആർമി, നേവി, എയർ ഫോഴ്സ് തുടങ്ങിയ സേനകളുടെ സേവനത്തെയും ത്യാഗത്തെയും കുറച്ചു കാണുകയല്ല. പക്ഷെ അവരോടൊപ്പം അല്ലെങ്കിൽ അവരെക്കാൾ കൂടുതൽ ജോലി ചെയ്യുന്നത് ഈ പാരാമിലിറ്ററി എന്ന് നമ്മൾ വിളിക്കുന്ന Central Armed Police Force (CAPF) ആയിരിക്കും.

അവർക്ക് വേണ്ട എല്ലാ പിന്തുണയും നമ്മൾ കൊടുക്കണം. അതിന് വലിയ സാമ്പത്തീക ബാധ്യത ഒന്നും വരില്ല. എല്ലാ സേവനങ്ങൾക്കും 1 രൂപ സെസ് എന്നോ മറ്റോ പറഞ്ഞു നികുതി പിരിച്ചാൽ പോലും ഇവരുടെ ഇപ്പോഴത്തെ അവസ്ഥക്ക് മാറ്റം വരുത്താനുള്ള പണം സർക്കാരിന് കണ്ടെത്താനാകും.

രണ്ടു വർഷം MLA ആയ ഒരാൾക്ക് 20 വർഷം രാജ്യത്തെ സേവിച്ച സൈനികന് കിട്ടുന്നതിനേക്കാൾ പെൻഷൻ കിട്ടും എന്നത് ലജ്ജിപ്പിക്കുന്ന കാര്യമാണ്. ഇതിനൊരു മാറ്റം ഉണ്ടായേ പറ്റൂ. വെടിയേറ്റ് വീണിട്ടല്ല അവരോടുള്ള സ്നേഹവും ആദരവും കാണിക്കേണ്ടത്.

രാഷ്ട്രീയക്കാര്ക്കും, മാധ്യമങ്ങൾക്കും എല്ലാം അവസരത്തിന് ഉപയോഗിക്കാനുള്ള ഉപകരണമാക്കി മാത്രം സുരക്ഷാ സേനയെ ഉപയോഗിക്കരുത്. അവരുടെ ചോരയും വിയർപ്പും ജാഗ്രതയുമൊക്കെയാണ് നമ്മുക്കൊക്കെ സുഖമായി ജീവിക്കാനും, ആഘോഷിക്കാനുമൊക്കെ കഴിയുന്നത്.

അവർക്ക് വേണ്ടി ശബ്ദം ഉയരണം. അത് അവർ രക്തസാക്ഷി ആകുമ്പോഴല്ല, അവർ ജീവിച്ചിരിക്കുമ്പോൾ തന്നെ വേണം.

ജയ്‌ഹിന്ദ്‌..

Related Articles

Latest Articles