Monday, May 6, 2024
spot_img

പ്രതിരോധ കയറ്റുമതിയിൽ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ; രാജ്യം തദ്ദേശീയമായി വികസിപ്പിച്ച തേജസ്സ് യുദ്ധ വിമാനം സ്വന്തമാക്കാൻ മലേഷ്യ

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസ്സ് യുദ്ധവിമാനം സ്വന്തമാക്കാനുള്ള കരാറിൽ വൈകാതെ മലേഷ്യ ഒപ്പിട്ടേക്കാം. തങ്ങളുടെ യുദ്ധവിമാനങ്ങളുമായി കരാർ സ്വന്തമാക്കാൻ ചൈന (ജെഎഫ് 17), ദക്ഷിണ കൊറിയ (എഫ്എ 50), റഷ്യ (മിഗ് 35) എന്നിവയും പിന്നാലെയുണ്ട്. ഇതു മറികടന്നു കരാർ സ്വന്തമാക്കിയാൽ യുദ്ധവിമാന കയറ്റുമതിയിൽ ചുവടുറപ്പിക്കാൻ ഇന്ത്യയ്ക്കു സാധിക്കും. രാജ്യങ്ങൾ തങ്ങളുടെ വിമാനങ്ങൾ കൈമാറുന്നതിനൊപ്പം നിലവിൽ മലേഷ്യ ഉപയോഗിക്കുന്ന റഷ്യൻ നിർമിത സുഖോയ് 30 യുദ്ധവിമാനങ്ങളുടെ അറ്റകുറ്റപ്പണി, നവീകരണം എന്നിവയ്ക്കുള്ള താവളം സജ്ജമാക്കാമെന്നും ഇന്ത്യ വാഗ്ദാനം നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയ്ക്കു കരാർ ലഭിക്കാനുള്ള സാധ്യത കൂടുതൽ ആണെന്നാണ് പ്രതിരോധ വിദഗ്ധരുടെ നിരീക്ഷണം.

യുക്രെയ്ൻ റഷ്യ യുദ്ധം മൂലം റഷ്യയിൽനിന്ന് സുഖോയ് വിമാനങ്ങളുടെ അറ്റകുറ്റ പണിക്കാവശ്യമായ സഹായം മലേഷ്യയ്ക്കു ലഭിക്കുന്നില്ല. തേജസ്സ് വിമാനങ്ങളുടെ പ്രവർത്തനം, സാങ്കേതിക വശങ്ങൾ എന്നിവ പരിശോധിക്കാൻ മലേഷ്യൻ സംഘം വൈകാതെ ഇന്ത്യയിലെത്തിയേക്കാം എന്നും സൂചനയുണ്ട്. കരാർ സംബന്ധിച്ച ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നും ശുഭ പ്രതീക്ഷയുണ്ടെന്നും തേജസ്സ് നിർമാതാക്കളായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ (എച്ച്എഎൽ) ചെയർമാനും മാനേജിങ് ഡയറക്ടറുമായ ആർ. മാധവൻ അറിയിച്ചു.

Related Articles

Latest Articles