Sunday, September 20, 2026

സ്വത്ത് വിവരത്തിൽ 100 കോടിയുടെ പൊരുത്തക്കേട് !! നടൻ വിജയ്ക്ക് നോട്ടീസയച്ച് മദ്രാസ് ഹൈക്കോടതി

തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ്‌യുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ സ്വത്തുവിവരങ്ങളിൽ 100 കോടി രൂപയിലധികം വരുന്ന അന്തരമുണ്ടെന്നാരോപിച്ചുള്ള ഹർജി മദ്രാസ് ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഈ വിഷയത്തിൽ ആദായനികുതി വകുപ്പിന്റെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് കോടതിയുടെ നിർണ്ണായക ഇടപെടൽ.

ചീഫ് ജസ്റ്റിസ് എസ്.എ. ധർമ്മധികാരി, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. തിരുച്ചിറപ്പള്ളി (ഈസ്റ്റ്), പെരമ്പൂർ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളിൽ നൽകിയ വിവരങ്ങളിൽ ഗുരുതരമായ പൊരുത്തക്കേടുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി വി. വിഘ്നേഷ് എന്ന വ്യക്തിയാണ് കോടതിയെ സമീപിച്ചത്. സത്യവാങ്മൂലത്തിൽ 100 കോടിയിലധികം രൂപയുടെ ആസ്തി വെളിപ്പെടുത്തിയിട്ടില്ലെന്നും, ഇത് വെറും എഴുത്തുപിശകായി കാണാനാകില്ലെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു.

വിജയ്‌ക്ക് പുറമെ ആദായനികുതി വകുപ്പ് (ഇൻവെസ്റ്റിഗേഷൻ വിഭാഗം), തിരഞ്ഞെടുപ്പ് കമ്മീഷൻ, അതത് മണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസർമാർ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചു. ഈ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ ജനപ്രാതിനിധ്യ നിയമപ്രകാരം വിജയിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യത നേരിടേണ്ടി വരും. കൂടാതെ, തെറ്റായ വിവരങ്ങൾ നൽകിയതിന് ക്രിമിനൽ നടപടികളും ആദായനികുതി നിയമപ്രകാരമുള്ള കനത്ത പിഴകളും നേരിടേണ്ടി വന്നേക്കാം.

Related Articles

Latest Articles