ഹൈദരാബാദ്: ഐപിഎല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരങ്ങള്‍ താമസിക്കുന്ന ഹോട്ടലിൽ തീപിടിത്തം. ഹൈദരാബാദ് നഗരത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന പാര്‍ക്ക് ഹയാത്ത് ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തില്‍ തീ അതിവേഗം പടരുകയും പുകപടലങ്ങള്‍ നിറയുകയും ചെയ്തു. പരിഭ്രാന്തരായ താമസക്കാർ ഹോട്ടലില്‍നിന്ന് അതിവേഗം പുറത്തിറങ്ങി. സണ്‍റൈസേഴ്‌സ് താരങ്ങളും അപകടം കൂടാതെ പുറത്തിറങ്ങി.
ബന്‍ജാര ഹില്‍സിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ഈസമയം ഹൈദരാബാദ് ടീമംഗങ്ങള്‍ ഹോട്ടലിലുണ്ടായിരുന്നു. ആദ്യ ഫ്‌ളോറിലാണ് തീപ്പിടിത്തമുണ്ടായത്. ഉടന്‍തന്നെ പുകപടലങ്ങള്‍ നിറഞ്ഞു. പിന്നാലെ അഗ്നിരക്ഷാസേനയെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി.
തീപിടിത്തത്തിന്റെ കാരണം വ്യക്തമാകാനുണ്ട്. ഹോട്ടലില്‍ ഇന്ന് വൈകീട്ട് തെലുഗു ചിത്രം ഒഡേല-2ന്റെ പ്രീറിലീസ് പരിപാടി നിശ്ചയിച്ചിരുന്നു.’

