തിരുപ്പൂർ:പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്ക് സമൂഹമാദ്ധ്യമങ്ങളിലൂടെ പിന്തുണ പ്രഖ്യാപിക്കുകയും തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്ത ആറ് ബംഗ്ലാദേശികളെ ദില്ലി പൊലീസിന്റെ ക്യു ബ്രാഞ്ച് തിരുപ്പൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ കഴിഞ്ഞ ദിവസം നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവർക്ക് ആഗോള ഭീകര സംഘടനായ ഐഎസുമായി ബന്ധമുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
മിജാനൂർ റഹ്മാൻ, മുഹമ്മദ് ഷബാത്, ഉമർ, മുഹമ്മദ് ലിറ്റൻ, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് ഉജ്ജൽ എന്നിവരാണ് പിടിയിലായവർ. ദില്ലിയിൽ പാക് അനുകൂല പോസ്റ്ററുകൾ പതിപ്പിച്ച വ്യക്തിയുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
തിരുപ്പൂരിലെ ഉത്തുകുളി, തിരുമുരുകൻ പൂണ്ടി, പല്ലടം എന്നിവിടങ്ങളിലെ വസ്ത്രനിർമ്മാണ ശാലകളിൽ ജോലി ചെയ്തു വരികയായിരുന്നു ഇവർ. ഇന്ത്യയിൽ താമസിക്കുന്നതിനായി വ്യാജ ആധാർ കാർഡുകളും മറ്റ് രേഖകളും ഇവർ നിർമ്മിച്ചതായി പോലീസ് സ്ഥിരീകരിച്ചു. ഇവരുടെ പക്കൽ നിന്ന് 16 സിം കാർഡുകളും എട്ട് മൊബൈൽ ഫോണുകളും അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്. കൃത്യമായ പാസ്പോർട്ടോ വിസയോ ഇല്ലാതെയാണ് ഇവർ വർഷങ്ങളായി ഇവിടെ കഴിഞ്ഞിരുന്നത്. അതിർത്തി കടന്നുള്ള തീവ്രവാദ ഗ്രൂപ്പുകളുമായി ഇവർക്ക് നേരിട്ട് ആശയവിനിമയം ഉണ്ടായിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു.
പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ വിദഗ്ധ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഇവരെ നിയന്ത്രിച്ചിരുന്ന പാക് ഹാൻഡിലർമാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ലീപ്പർ സെല്ലുകൾ രൂപീകരിക്കാൻ ഇവർക്ക് പദ്ധതിയുണ്ടായിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പിടിയിലായവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ദില്ലിയിലേക്ക് കൊണ്ടുപോയി. തമിഴ്നാട്ടിലെ വ്യാവസായിക നഗരങ്ങളിൽ വ്യാജ രേഖകളുമായി താമസിക്കുന്നവരെ കണ്ടെത്താൻ വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.

