തിരുവനന്തപുരം : മണിപ്പൂർ സംഘർഷം അടിസ്ഥാനപരമായി രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്‌നമാണെന്ന് മലങ്കര യാക്കോബായ സുറിയാനി സഭാ അദ്ധ്യക്ഷൻ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപൊലീത്ത. ഹിന്ദുക്കളും ക്രൈസ്തവരും മുസ്ലീങ്ങളും കലാപത്തിന്റെ കെടുതികൾ അനുഭവിക്കുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം, കൂടുതൽ ബുദ്ധിമുട്ടുണ്ടായത് ക്രൈസ്തവർക്കാണെന്നും അതിനാൽ ക്രൈസ്തവ സമൂഹത്തിന് വലിയ ആശങ്കയുണ്ടെന്നും വ്യക്തമാക്കി.
മണിപ്പുർ വിഷയത്തിൽ ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ നിലപാട് ശരിയാണെന്ന് പറഞ്ഞ അദ്ദേഹം കേരളത്തിൽ നിന്ന് ക്രിസ്ത്യൻ മന്ത്രി വന്നത് ശുഭപ്രതീക്ഷയാണെന്നും കൂട്ടിച്ചേർത്തു.
നേരത്തെ സമാന അഭിപ്രായം ഓർത്തഡോക്‌സ് സഭ അദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയും പങ്കുവച്ചിരുന്നു.
“മണിപ്പുരിലേത് ഗോത്രവർഗങ്ങൾ തമ്മിലുള്ള അടിയായി മനസ്സിലാക്കാൻ സാധിച്ചു. ക്രൈസ്തവർ കൂടുതലുള്ള ഭാഗത്തെ പള്ളികൾ ആക്രമിക്കപ്പെട്ടു. സ്വാഭാവികമായിട്ടും ഒരു ഗോത്രം മറ്റേ ഗോത്രത്തിന്റെ എല്ലാം നശിപ്പിക്കും. മറ്റു ഗോത്രങ്ങളിലെ ആരാധനാലയങ്ങളും നശിപ്പിച്ചിട്ടുണ്ടാകാം. അതിനാൽ വിഷയത്തിൽ വലിയ ആശങ്ക വേണ്ടന്നാണ് ക്രൈസ്തവർ മുഴുവൻ മനസ്സിലാക്കുന്നത്,” – എന്നായിരുന്നു ബസേലിയോസ് മാത്യൂസ് തൃതീയൻ ബാവ പറഞ്ഞത്.

