മലപ്പുറം : ഉറ്റവരുടെ വിയോഗത്തിൽ ഒൻപത് കുടുംബങ്ങൾ വിറങ്ങലിച്ചു നിൽക്കുമ്പോൾ, ഒരു ഗ്രാമത്തിന്റെ അറിവിന്റെ വെളിച്ചമായിരുന്ന വിദ്യാലയവും ഇന്ന് അനാഥത്വത്തിന്റെ നിഴലിലാണ്. പാങ്ങ് ജി.എൽ.പി. സ്കൂളിലെ അദ്ധ്യാപകരും ജീവനക്കാരും അടങ്ങുന്ന സംഘത്തിന്റെ വിനോദയാത്ര അപ്രതീക്ഷിത ദുരന്തത്തിൽ അവസാനിച്ചതോടെ, സ്കൂളിന്റെ വരാന്തകളിൽ ഇനി നിശബ്ദത മാത്രം ബാക്കിയാവുന്നു. ഒരു സ്കൂൾ മുഴുക്കെ ശൂന്യമായ ഈ അവസ്ഥയിൽ പ്യൂൺ ഗോപാലകൃഷ്ണൻ, എൽ.പി. വിഭാഗം അദ്ധ്യാപിക ഹസ്നത്ത്, എൽ.കെ.ജി. അദ്ധ്യാപികമാരായ റസീന, യശോദ എന്നിവർ മാത്രമാണ് ഇപ്പോൾ ഈ സ്ഥാപനത്തിൽ അവശേഷിക്കുന്നത്.
അദ്ധ്യാപികയായ ആശ തന്റെ മകൻ അജുവിനെ എല്ലാ യാത്രകളിലും കൂടെ കൂട്ടാറുണ്ടായിരുന്നെങ്കിലും ഈ യാത്രയിൽ അവനെ ഒഴിവാക്കിയത് കടുത്ത വിധി വൈപരീത്യമായി മാറി. അമ്മയുടെ സ്നേഹത്തണൽ നഷ്ടപ്പെട്ട അജു ഇന്ന് നാട്ടുകാരുടെ നൊമ്പരമായി മാറിയിരിക്കുകയാണ്. വിനോദയാത്രയുടെ ദൃശ്യങ്ങൾ വാട്സാപ്പ് സ്റ്റാറ്റസുകളിലൂടെ കണ്ടുതുടങ്ങിയ നാട്, മണിക്കൂറുകൾക്കകം കേൾക്കേണ്ടി വന്നത് പ്രിയപ്പെട്ടവരുടെ മരണവാർത്തയായിരുന്നു.
പാചകത്തൊഴിലാളിയായ സാജിത അവസാനമായി ഇട്ട സ്റ്റാറ്റസ് വൈകുന്നേരം 4.08-നായിരുന്നു. കൃത്യം 5.45-ഓടെ നാടിനെ നടുക്കിയ അപകടവാർത്ത പുറത്തുവന്നതോടെ വലിയൊരു സ്വപ്നയാത്ര കണ്ണീർക്കടലായി മാറുകയായിരുന്നു. അറിവ് പകർന്നുനൽകിയ പ്രിയപ്പെട്ട ഗുരുനാഥന്മാരും ഒപ്പം നിന്ന ജീവനക്കാരും ഒന്നിച്ച് വിടവാങ്ങിയതോടെ പാങ്ങ് സ്കൂൾ അക്ഷരാർത്ഥത്തിൽ അനാഥമായിരിക്കുകയാണ്.

