Saturday, May 4, 2024
spot_img

അഭിനയത്തില്‍ മാത്രമല്ല, ആരോഗ്യ കാര്യത്തിലും മുത്തച്ഛന്‍ ”ഹീറോ”; കോവിഡിനെയും അതിജീവിച്ച് മലയാള സിനിമയുടെ മുത്തച്ഛന്‍

കണ്ണൂര്‍: ‘ദേശാടനം’ എന്ന സിനിമയിലൂടെ മലയാളികളുടെ മുത്തച്ഛനായി മാറിയ നടനാണ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി. ഇതാ അദ്ദേഹമിപ്പോള്‍ 98-ാം വയസ്സിൽ കോവിഡ് മഹാമാരിയെ അതിജീവിച്ചിരിക്കുകയാണ്. കോവിഡ് ബാധിതനായ അദ്ദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൂന്ന് ആഴ്ച മുൻപ് അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചിരുന്നു. തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആ സമയത്ത് കോവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു.

എന്നാല്‍ ന്യുമോണിയ ഭേദമായതിനെത്തുടർന്ന് വീട്ടിൽ വിശ്രമത്തിൽ കഴിയുകയായിരുന്ന ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിക്ക് രണ്ട് ദിവസത്തിന് ശേഷം വീണ്ടും പനി ബാധിക്കുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അപ്പോൾ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. രണ്ട് ദിവസം ഐ.സി.യുവിൽ കഴിയേണ്ടി വന്നെങ്കിലും വൈകാതെ ആരോഗ്യം വീണ്ടെടുത്ത് എല്ലാ ആശങ്കകൾക്കും വിരാമമിട്ട് അദ്ദേഹം തിരിച്ചുവന്നിരിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ മകൻ ഭവദാസൻ നമ്പൂതിരി പറഞ്ഞു.

കോവിഡ് കാലമായിരുന്നതിനാൽ ഇത്തവണ അദ്ദേഹം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ അദ്ദേഹം വോട്ട് ചെയ്തിരുന്നില്ല. ജീവിതത്തിൽ ആദ്യമായാണ് അദ്ദേഹം തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാതിരിക്കുന്നത്. അതേസമയം, ആരോഗ്യത്തിന്റെ കാര്യത്തിൽ അദ്ദേഹത്തിന് പ്രത്യേക ചിട്ടകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. അതിനാൽ തന്നെ ജീവിതശൈലി രോഗങ്ങൾ അദ്ദേഹത്തിന് ഇല്ലായിരുന്നു. പണ്ട് കാലത്ത് അച്ഛന് ജിം ഉണ്ടായിരുന്നു. അച്ഛന് പണ്ടേ ഫിറ്റ്നസ്സിൽ താത്‌പര്യമുണ്ടായിരുന്നു. ബോഡി ബിൽഡറായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ മക്കൾ പറയുന്നു. ജീവിതത്തിൽ തുടർന്ന ചിട്ടകൾ ഈ പ്രായത്തിലും ആരോഗ്യം വീണ്ടെടുക്കാൻ സഹായകമായി എന്നും അവർ പറഞ്ഞു.

Related Articles

Latest Articles