കോഴിക്കോട്: ദുരൂഹ സാഹചര്യത്തിൽ ദുബായിൽ മരിച്ച വ്ലോഗറും ആൽബം താരവുമായ റിഫ മെഹ്നുവിന്റെ മൃതദേഹം ശനിയാഴ്ച പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും. തഹസിൽദാരുടെ സാന്നിധ്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടത്തുക.
മരണത്തിൽ ദുരൂഹത ഉണ്ടായതിനെ തുടർന്ന് റിഫയുടെ കുടുംബം പരാതി നൽകിയ സാഹചര്യത്തിലാണ് പോസ്റ്റ്മോർട്ടം നടത്തുന്നത്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്ട്ടം നടത്താന് അനുമതി വേണമെന്ന പോലീസിന്റെ ആവശ്യം ആര്ഡിഒ ഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു.
സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ താമരശ്ശേരി ഡിവൈഎസ്പിയാണ് അപേക്ഷ നല്കിയത്. റിഫയുടെ വീടിന് സമീപത്തെ പള്ളി കബറിസ്ഥാനിലാണ് മൃതദേഹം സംസ്കരിച്ചിരുന്നത്. ദുബായില്വച്ച് റിഫയുടെ പോസ്റ്റ്മോര്ട്ടം നടത്തിയിരുന്നില്ല. പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തല് കേസന്വേഷണത്തില് നിർണായകമാണ്.
മാത്രമല്ല റിഫയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം കഴിഞ്ഞ ദിവസം മെഹനാസിന്റെ രണ്ട് സുഹൃത്തുക്കളെ ചോദ്യം ചെയ്തിരുന്നു. പോസ്റ്റ് മോർട്ടം നടത്തിയില്ലെന്ന വിവരം മറച്ചുവച്ചെന്ന് ബന്ധുക്കൾ നേരത്തെ പരാതിപ്പെട്ടിരുന്നു.
മാർച്ച് ഒന്നിന് പുലർച്ചെയാണ് ദുബായ് ജാഫിലിയയിലെ താമസ സ്ഥലത്ത് റിഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്ത്താവ് മെഹ്നാസിനെതിരെ കാക്കൂര് പൊലീസ് കേസെടുത്തിരുന്നു. 306, 498 എ ഉള്പ്പെടെയുള്ള വകുപ്പുകള് ചേര്ത്താണ് കേസ്.

