മലപ്പുറം: സംശയം തോന്നാതിരിക്കാനും പോലീസിനെ കബളിപ്പിക്കാനും ഭാര്യക്കും കുട്ടികൾക്കുമൊപ്പം കുഴൽപ്പണക്കടത്ത് നടത്തിയ യുവാവ് പിടിയിൽ. താനൂർ സ്വദേശി മുഹമ്മദ് ഹാഷിമാണ് പിടിയിലായത്. രേഖകളില്ലാതെ 20 ലക്ഷം രൂപയുമായി യാത്ര ചെയ്യുമ്പോഴാണ് കൊഴിഞ്ഞാമ്പാറ പോലീസിന്റെ പിടിയിലായത്. പരിശോധനയിൽ സംശയിക്കപ്പെടാതിരിക്കാനാണ് കുടുംബ സമേതം യാത്ര ചെയ്‌തതെന്നാണ് സൂചന. എന്നാൽ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയ്ക്കിടെ കൈകാണിച്ചപ്പോൾ കാർ നിർത്താതെ പോയതാണ് ഹാഷിമിനെ കുടുക്കിയത്. മേനോൻപാറയിൽ നടന്ന പരിശോധനക്കിടെയാണ് കാർ നിർത്താതെ പോയത്. തുടർന്ന് ചിറ്റൂർ പൊലീസിന് വിവരം കൈമാറി വാഹനം പിടിക്കുകയായിരുന്നു.
കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന പണമാണ് പോലീസ് കണ്ടെടുത്തത്. ചിറ്റൂർ ഡിവൈ.എസ്.പി. വി.എ. കൃഷ്ണദാസ്, കൊഴിഞ്ഞാമ്പാറ സി.ഐ. എം.ആർ. അരുൺകുമാർ, ചിറ്റൂർ സി.ഐ. ജെ. മാത്യു, കൊഴിഞ്ഞാമ്പാറ എസ്.ഐ. ബി. പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കാർ പിന്തുടർന്ന് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഹാഷിമിനെ റിമാൻഡ് ചെയ്തു. ഹാഷിം ഇതിനുമുൻപും സമാനരീതിയിൽ കുഴൽപ്പണം കടത്തിയതിന് പരപ്പനങ്ങാടി, പെരിന്തൽമണ്ണ, കസബ എന്നീ സ്റ്റേഷനുകളിൽ കേസുള്ളതായി കൊഴിഞ്ഞാമ്പാറ സി.ഐ. എം.ആർ. അരുൺകുമാർ പറഞ്ഞു. ഭാര്യയെയും മക്കളെയും സംഭവദിവസം രാത്രിതന്നെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.
അതേസമയം വടക്കൻ കേരളത്തിൽ കുഴൽപ്പണക്കടത്ത് വ്യാപകമാകുന്നതായി സൂചന. പോലീസ് പരിശോധനകൾ മറികടന്ന് കോടിക്കണക്കിന് രൂപ ഇത്തരത്തിൽ നിയമ വിരുദ്ധമായി കടത്തുന്നുണ്ട്. റിവേഴ്‌സ് ഹവാലയിൽ ഉൾപ്പെടെ സജീവമായ സംഘങ്ങൾ സംസ്ഥാനത്ത് വേരുറപ്പിക്കുന്നു. നിരോധിച്ച 2000 രൂപയുടെ നോട്ട് ടോക്കൺ രസീതായി ഉപയോഗിച്ചുകൊണ്ട് സുരക്ഷിതമായി കോടികളുടെ കൈമാറ്റം നടക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. സംഘങ്ങൾ തമ്മിലുള്ള കുടിപ്പക കാരണം പൊലീസിന് ലഭിക്കുന്ന രഹസ്യ വിവരങ്ങളാണ് പലപ്പോഴും കുഴൽപ്പണക്കാരെ കുടുക്കുന്നത്.

