തൃശൂർ: ജനങ്ങൾ നൽകിയ വൻ ഭൂരിപക്ഷവും ജനവിധിയും തകർക്കാൻ യുഡിഎഫ് സർക്കാർ നടത്തിയ രാഷ്ട്രീയ വേട്ടയാടലുകൾക്ക് കനത്ത തിരിച്ചടി. കള്ളക്കേസുകൾ ചുമത്തി രാഷ്ട്രീയമായി തകർക്കാൻ കോൺഗ്രസ് സർക്കാർ ജയിലിലടച്ച തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ വച്ച് ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്യും. ജനാധിപത്യത്തിൽ ജനകീയ കൽപ്പന മാനിക്കപ്പെടണമെന്ന ഹൈക്കോടതിയുടെ ചരിത്രപരമായ ഉത്തരവിന് മുന്നിൽ ഒടുവിൽ കോൺഗ്രസ് സർക്കാരിന് തലകുനിക്കേണ്ടി വരികയായിരുന്നു.
തിരുവനന്തപുരം കോർപ്പറേഷനിലെ ഇരുപതാം വാർഡിൽ നിന്നും ജനങ്ങൾ വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുത്ത പ്രതിനിധിയാണ് ആർ. സുഗതൻ. എന്നാൽ ജനവിധി അട്ടിമറിക്കാനും കോർപ്പറേഷൻ ഭരണം അസ്ഥിരപ്പെടുത്താനും ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പ് ദുരുപയോഗം ചെയ്താണ് കോൺഗ്രസ് നേതൃത്വം സുഗതനെതിരെ പ്രതികാര രാഷ്ട്രീയം പുറത്തെടുത്തത്. തെരഞ്ഞെടുപ്പിന് മുൻപുള്ള പഴയ കേസുകൾ കുത്തിപ്പൊക്കി കള്ളക്കഥകൾ ചമച്ച് കാപ്പ നിയമപ്രകാരം സുഗതനെ വിയ്യൂർ ജയിലിൽ അടയ്ക്കുകയായിരുന്നു. കാപ്പ പ്രതിക്ക് ഭരണഘടനാപരമായ അവകാശങ്ങളില്ലെന്ന് കോടതിയിൽ വാദിച്ച് സത്യപ്രതിജ്ഞ തടയാൻ കോൺഗ്രസ് സർക്കാർ പരമാവധി ശ്രമിച്ചെങ്കിലും, ജനാധിപത്യം സംരക്ഷിക്കാൻ കോടതിക്ക് അസാധാരണ തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കി ഹൈക്കോടതി സർക്കാരിന്റെ രാഷ്ട്രീയ അജണ്ടകൾക്ക് തടയിടുകയായിരുന്നു.
ഇന്ന് രാവിലെ 11 മണിക്ക് വിയ്യൂർ ജയിൽ സൂപ്രണ്ടിന്റെ മുറിയിൽ കനത്ത സുരക്ഷയോടെയാണ് ചടങ്ങുകൾ നടക്കുക. ജനങ്ങൾ തിരഞ്ഞെടുത്ത തങ്ങളുടെ പ്രിയ നേതാവിനെ കള്ളക്കേസിൽ കുടുക്കി മാറ്റിനിർത്താമെന്ന കോൺഗ്രസിന്റെ കുത്സിത ശ്രമങ്ങൾക്കാണ് ഇതോടെ അന്ത്യമായത്. ജനാധിപത്യ മൂല്യങ്ങളെ ചവിട്ടിമെതിച്ച് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന കോൺഗ്രസിന്റെ ഫാസിസ്റ്റ് മുഖത്തിന് ലഭിച്ച കനത്ത പ്രഹരമാണ് ഹൈക്കോടതിയുടെ ഇടപെടലും ഇന്നത്തെ സത്യപ്രതിജ്ഞയുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

