Wednesday, May 1, 2024
spot_img

മണിപ്പുർ സംഘർഷം; പ്രശ്നപരിഹാരത്തിനായി ഉന്നതതല സമിതി രൂപീകരിച്ചു; ലൈംഗിക പീഡനക്കേസുകളിലെ സിബിഐ അന്വേഷണം തുടരും

ദില്ലി : മണിപ്പുർ സംഘർഷത്തിൽ ഇടപെടലുമായി സുപ്രീം കോടതി. മണിപ്പുരിലെ പ്രശ്നപരിഹാരത്തിനായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മൂന്ന് മുൻ ഹൈക്കോടതി ജഡ്ജിമാരടങ്ങുന്ന പ്രത്യേക സമിതി രൂപീകരിച്ചു. നിയമവാഴ്ച പുനഃസ്ഥാപിക്കാനാണ് തങ്ങളുടെ ശ്രമമെന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പ്രതികരിച്ചത്. അന്വേഷങ്ങൾക്ക് പുറമെ പുനരധിവാസം, ദുരിതാശ്വാസ പ്രവർത്തനം തുടങ്ങിയ കാര്യങ്ങളും സമിതിയുടെ പരിധിയിൽ വരും. ഗീത മിത്തൽ, ശാലിനി പി. ജോഷി, മലയാളിയായ ആശ മേനോൻ എന്നിവരടങ്ങുന്ന പാനലാണ് രൂപീകരിച്ചത്.

മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട ലൈംഗിക പീഡനക്കേസുകളിലെ സിബിഐ അന്വേഷണം തുടരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ ദത്താത്രയ പട്സാല്‍ഗികറിനെ സുപ്രീം കോടതി ചുമതലപ്പെടുത്തി. കലാപവുമായി ബന്ധപ്പെട്ട മറ്റ് കേസുകളുടെ അന്വേഷണത്തിന് മണിപ്പുര്‍ സര്‍ക്കാര്‍ രൂപവത്കരിച്ച വിവിധ പ്രത്യേക അന്വേഷണ സംഘങ്ങള്‍ക്ക് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കും. ഈ അന്വേഷണ സംഘങ്ങള്‍ക്ക് വിവിധ സംസ്ഥാനങ്ങളിലെ ഡിഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥരാകും മേല്‍നോട്ടം വഹിക്കുക.

അതെ സമയം 20 പേരടങ്ങുന്ന സംഘമാണ് മണിപ്പുരിൽ ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നതെന്ന് അഭിഭാഷകനായ കോളിൻ ഗോൺസാൽവസ് കോടതിയിൽ വ്യക്തമാക്കി. ഇവർ തമ്മിൽ പരസ്പരം നല്ല ബന്ധം പുലർത്തുകയും ഗൂഢാലോചന നടത്തുകയും അവ നടപ്പാക്കുകയുമാണെന്നും തങ്ങളെ തൊടാൻ കഴിയില്ലെന്നാണ് അവർ കരുതുന്നതെന്നും വ്യക്തമാക്കിയ അദ്ദേഹം പ്രശനക്കാരായ ഈ 20 പേരെ പിടികൂടാൻ സാധിച്ചാൽ അക്രമം നിയന്ത്രിക്കാനാകുമെന്നും അഭിപ്രായപ്പെട്ടു. മണിപ്പുരിലെ എൻ.ബിരേൻ സിങ് സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരായി.

Related Articles

Latest Articles