ഇംഫാൽ : കലാപത്തെ തുടർന്ന് മണിപ്പുരിൽ ഏർപ്പെടുത്തിയിരുന്ന ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം ഭാഗികമായി പിൻവലിക്കാൻ മണിപ്പുർ ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചു. ഒപ്ടിക്കൽ ഫൈബർ കണക്ഷൻ ഉള്ളവർക്കും ഉന്നത ഉദ്യോഗസ്ഥരുടെ ഫോണുകളിലും സേവനം പുനസ്ഥാപിക്കാനാണ് സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.
ഇതോടെ സർക്കാർ ഓഫിസുകളിലും വീടുകളിലും ക്രമസമാധാനത്തെ ബാധിക്കാത്ത തരത്തിൽ ഇന്റർനെറ്റ് സേവനം ലഭ്യമാകും. ഇവരുടെ പൂർണ ഉത്തരവാദിത്വത്തിലാകും സേവനം പുനസ്ഥാപിക്കുക. വേഗത കുറച്ച് സേവനം ഉറപ്പ് വരുത്താനാകും സർക്കാർ ശ്രമിക്കുക. ഇന്റർനെറ്റ് സേവനം വിചേദിച്ചതോടെ ബില്ലുകൾ അടയ്ക്കുന്നതിനും സ്കൂൾ–കോളജ് പ്രവേശനത്തിനെയും മറ്റും പ്രതിസന്ധി നേരിട്ടിരുന്നു. നേരത്തെ ജനങ്ങൾ ഹൈക്കോടതിയോട് അഭ്യർഥിച്ചതിനെ തുടർന്ന് ജൂൺ20ന് ചില പ്രദേശങ്ങളിൽ നിയന്ത്രിതമായി ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.
മേയ് മൂന്നിന് ആരംഭിച്ച കലാപത്തെ തുടർന്നാണ് മണിപ്പുരിൽ ഇന്റർനെറ്റ് സേവനം സർക്കാർ റദ്ദാക്കിയത്. കുകി, നാഗ എന്നിവയടക്കമുള്ള ഗോത്ര വിഭാഗങ്ങളും മെയ്തെയ് വിഭാഗവും തമ്മിലാണ് മണിപ്പൂരിൽ സംഘർഷമുണ്ടായത് . മെയ്തെയ് വിഭാഗത്തിനു പട്ടികവർഗ പദവി നൽകാനുള്ള നീക്കത്തിനെതിരെ ഗോത്ര വിഭാഗങ്ങൾ നടത്തിയ പ്രതിഷേധമാണ് പിന്നീട് സംഘർഷമായി വളർന്നത്.
മണിപ്പുരിലെ ഏറ്റവും വലിയ ജനവിഭാഗമായ മെയ്തെയ് ജനസംഖ്യയുടെ 64% വരും. മ്യാൻമറിൽ നിന്നു കുടിയേറിയ കുകികൾ, മണിപ്പുരിലെ മലനിരകളിൽ വാസമുറപ്പിക്കുകയായിരുന്നു. താഴ്വരയിലാണ് മെയ്തെയ് വിഭാഗക്കാർ താമസിക്കുന്നത്. ഭൂരിപക്ഷമായ തങ്ങൾക്കു 10% സ്ഥലം മാത്രമുള്ളപ്പോൾ,ന്യൂനപക്ഷമായ ഗോത്ര വിഭാഗക്കാർ മറ്റു ഭൂപ്രദേശങ്ങൾ കയ്യടക്കിവച്ചിരിക്കുകയാണെന്നാണ് മെയ്തെയ് വിഭാഗത്തിന്റെ പരാതി. കലാപത്തിലും വെടിവയ്പ്പിലും നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്. ഇതുവരെയായി 124 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. 3,000 പേർക്ക് പരുക്കേറ്റിരുന്നു.

