Saturday, June 1, 2024
spot_img

ഇന്നലെയും ചിന്തിച്ചു, ലോഹിസാർ ഉണ്ടായിരുന്നെങ്കിൽ ഈ കാലം എങ്ങനെ നീന്തിക്കടക്കുമായിരുന്നെന്ന്: നഷ്ടവേദനയോടെ മഞ്ജു വാര്യർ

മലയാള സിനിമയുടെ എന്നത്തേയും പ്രിയപ്പെട്ട ചലച്ചിത്രകാരൻ ലോഹിതദാസ് വിടപറഞ്ഞിട്ട് 12 വര്‍ഷമാകുന്നു. കിരീടവും ചെങ്കോലും അഴിച്ചുവച്ച് വർഷങ്ങൾ പിന്നിട്ടിട്ടും മികച്ച ചിത്രങ്ങളിലൂടെ ഇന്നും കെടാവിളക്കുപോലെ മലയാളികൾക്കുള്ളിൽ ജ്വലിച്ചു നിൽക്കുകയാണ്. 44 ഓളം തിരക്കഥകള്‍, സംവിധാനം ചെയ്‌തത്‌ 12 ചിത്രങ്ങളായിരുന്നു. ഇത്രയുമായിരുന്നു 20 വര്‍ഷം നീണ്ട ചലച്ചിത്ര ജീവിതത്തില്‍ ദാസ് മലയാള സിനിമാ ലോകത്തിനു സമ്മാനിച്ചത്. ഇപ്പോഴിതാ ലോഹിതദാസിന്റെ 12ാം മരണവാർഷികത്തിൽ കുറിപ്പുമായി മഞ്ജു വാര്യർ. കന്മദം സിനിമയിലെ ലോഹിതദാസിനൊപ്പമുള്ള ലൊക്കേഷൻ ചിത്രത്തിനൊപ്പമാണ് താരത്തിന്റെ കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

ഇന്നലെയും ആലോചിച്ചു… ലോഹിസാർ ഉണ്ടായിരുന്നുവെങ്കിൽ ഈ കാലം എങ്ങനെ നീന്തിക്കടക്കുമായിരുന്നെന്ന്. വള്ളുവനാട്ടിലിരുന്ന് ഈ ലോകത്തോടായി അദ്ദേഹം ചിലപ്പോൾ ഇങ്ങനെയായിരിക്കാം പറയുക…’ഇപ്പോഴാണ് നമ്മൾ അക്ഷരാർഥത്തിൽ ‘അണു’കുടുംബങ്ങളായത്’!
ഉറപ്പാണ്, കഥകൾക്കു വേണ്ടിയായിരിക്കും സഹജമായ കൗതുകത്തോടെയുള്ള അദ്ദേഹത്തിൻ്റെ അന്വേഷണം. മനുഷ്യർ ‘തനിയാവർത്തന’ത്തിലെ ബാലൻ മാഷിനെപ്പോലെ വീട്ടിനുള്ളിൽ തളച്ചിടപ്പെട്ട നാളുകളിൽ തനിക്ക് മാത്രം സാധ്യമാകുന്ന സർഗാത്മക വൈഭവത്തോടെ ലോഹിസാർ ജീവിതാവസ്ഥകളെ മനസിലേക്ക് ഒപ്പിയേനെ..തൂവലുകളുഴിഞ്ഞ് കഥയുടെ കൊട്ടാരങ്ങൾ തീർക്കുന്ന, കരിങ്കല്ലുപോലൊരു കാലത്തിൽ നിന്ന് കന്മദം കണ്ടെത്തുന്ന ജാലവിദ്യ അപ്പോൾ നമുക്ക് കാണാനാകുമായിരുന്നു. നഷ്ടവേദനയോടെ ലോഹി സാറിൻ്റെ ഓർമകൾക്ക് പ്രണാമം..

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles