ദില്ലി: ജമ്മുകശ്മീരിലെ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ കരസേന മേധാവി എംഎം നരവനെ സന്ദര്‍ശനം നടത്തി. അതിർത്തി പ്രദേശങ്ങളിൽ സന്ദർശനം നടത്തി കരസേന മേധാവി സുരക്ഷ വിലയിരുത്തി. നിലവിലെ സുരക്ഷ സാഹചര്യത്തെക്കുറിച്ചും ഭീകരർക്കായുള്ള തിരച്ചിലുകളെക്കുറിച്ചും എം എം നരവനയോട് മുതിർന്ന ഉദ്യോഗസ്ഥർ വിശദീകരിച്ചു.
ആക്രമണങ്ങളുടെ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി ജമ്മുകശ്മീരില്‍ സന്ദർശനം നടത്തുമെന്ന റിപ്പോർട്ടുകളുണ്ട്. അതേസമയം ജമ്മു കശ്മീരിൽ ഭീകരർക്കെതിരെ തിരിച്ചടിച്ച് സൈന്യം. ആറ് ലഷ്‌കർ ഇ ത്വയ്ബ ഭീകരരെ സുരക്ഷാ സേന കൂട്ടത്തോടെ വധിച്ചതായി റിപ്പോർട്ട്. കശ്മീരിലെ രജൗരിയിലെ വനമേഖലയിലാണ് ഭീകരരുമായി ശക്തമായ ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ തുടരുകയാണെന്ന് സുരക്ഷാ സേന അറിയിച്ചു.
പാകിസ്ഥാനിൽ നിന്നും അതിർത്തി കടന്നെത്തിയ 10 ലഷ്‌കർ ഭീകരർ രജൗരി വനത്തിനുള്ളിൽ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സേനാംഗങ്ങൾ പരിശോധന നടത്തി. എന്നാൽ പരിശോധനയ്‌ക്കിടെ ഭീകരർ സേനാംഗങ്ങളെ ആക്രമിക്കുകയായിരുന്നു. ഇതിൽ ആറ് പേരെയാണ് വധിച്ചത്.

