പാരീസ് ഒളിമ്പിക്‌സിൽ ഭാരതത്തിന്റെ ആദ്യ മെഡൽ നേടിയതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ വനിതാ ഷൂട്ടിംഗ് താരം മനു ഭാക്കർ. ഭഗവാൻ ശ്രീകൃഷ്ണന്റെ സന്ദേശമായിരുന്നു തന്റെ ശക്തിയെന്ന് ജിയോ സിനിമയോട് പ്രതികരിക്കവേ താരം പറഞ്ഞു. മത്സരത്തിന്റെ അവസാനഘട്ടത്തിലുടനീളം ഭഗവദ് ഗീതയിലെ വാക്കുകൾ താൻ മനസിലോർത്തതായും അവർ കൂട്ടിച്ചേർത്തു.
“ഞാൻ ഒരുപാട് തവണ ഭഗവദ് ഗീത വായിച്ചിട്ടുണ്ട്. നിങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്നത് ചെയ്യുക ,നിങ്ങളുടെ വിധിയുടെ ഫലം നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയില്ല എന്നത് എന്റെ മനസിലുറച്ചത് അങ്ങനെയാണ്. ഗീതയിൽ, ഭഗവാൻ കൃഷ്ണൻ അർജ്ജുനനോട് പറയുന്നു, കർമ്മത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, കർമ്മഫലത്തിലല്ല.” അത് എൻ്റെ മനസ്സിൽ ഓടിക്കൊണ്ടിരുന്നു.”- മനു ഭാക്കർ പറഞ്ഞു.
ഇന്ന് നടന്ന ഫൈനലിൽ തുടക്കം മുതല്‍ മികച്ചു നിന്ന മനു, മെഡല്‍ പൊസിഷനില്‍ നിന്ന് പുറത്താവാതെയാണ് മുന്നേറിയത്. ആദ്യ 14 ഷോട്ടുകള്‍ കഴിഞ്ഞപ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു താരം. ആദ്യ രണ്ട് സ്റ്റേജുകള്‍ക്ക് ശേഷം എലിമിനേഷന്‍ സ്റ്റേജും കടന്നാണ് താരം മെഡല്‍ നേടിയത്.
നേരിയ പോയിന്റിന്റെ വ്യത്യാസത്തിലാണ് താരത്തിന് വെള്ളി നഷ്ടമായത്. യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് 22കാരിയായ മനു ഭാക്കര്‍ ഫൈനലിന് യോഗ്യത നേടിയിരുന്നത്. ആദ്യമായിട്ടാണ് ഷൂട്ടിംഗില്‍ ഒരു ഇന്ത്യന്‍ വനിത ഒളിംപിക്സ് മെഡല്‍ നേടുന്നത്. ഷൂട്ടിംഗില്‍ 12 വര്‍ഷത്തെ മെഡല്‍ വരള്‍ച്ചയ്ക്കാണ് ഭാക്കര്‍ വിരാമമിട്ടത്. കൊറിയക്കാണ് ഒന്നും രണ്ടും സ്ഥാനം.
2021 ലെ ടോക്കിയോ ഒളിമ്പിക്‌സിൽ മനു ഭാക്കർ പങ്കെടുത്തിരുന്നുവെങ്കിലും പിസ്റ്റളിലുണ്ടായ തകരാർ തിരിച്ചടിയായി. പ്രശ്നത്തെക്കുറിച്ച് ജൂറിയെ ബോധ്യപ്പെടുത്തിയെങ്കിലും പുതിയ തോക്കിന് പകരം, തകരാറുള്ള ഭാഗം മാറ്റിസ്ഥാപിക്കാൻ മാത്രമാണ് അവർ അനുവദിച്ചത്. ഇടവേളയിൽ ഭാക്കറിന് ആറ് നിർണായക മിനിറ്റുകൾ നഷ്ടപ്പെട്ടു, ഇത് ഏകാഗ്രതയിൽ ഒരു വീഴ്ച വരുത്തുകയും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതെ പോകുകയുമായിരുന്നു.

