Monday, May 6, 2024
spot_img

നഗരസഭയ്ക്ക് മറുപടിയുമായി ഫ്ലാറ്റുടമകൾ; അർഹമായ നഷ്ടപരിഹാരം നൽകാതെ ഒഴിയില്ല

കൊച്ചി: അർഹമായ നഷ്ടപരിഹാരം ലഭിക്കാതെ ഒഴിയില്ലെന്ന് മരടിലെ ഫ്ലാറ്റുടമകൾ വ്യക്തമാക്കി. ഫ്ലാറ്റുകൾ എത്രയും പെട്ടെന്ന് ഒഴിയണമെന്ന നഗരസഭയുടെ നോട്ടീസിന് മറുപടിയായാണ് 12 ഫ്ലാറ്റുടമകൾ ഇക്കാര്യം വ്യക്തമാക്കിയത്. ഫ്ലാറ്റുകൾ ഒഴിയാൻ അനുവദിച്ച സമയത്തിൽ ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്. അതേസമയം, തിങ്കളാഴ്ചയോടെ ഫ്ലാറ്റുകൾ പൊളിക്കുന്നത് ആരാണെന്ന കാര്യത്തിൽ വ്യക്തത വരും.

അഞ്ചു ദിവസത്തിനകം ഫ്ലാറ്റുകൾ വിട്ടൊഴിയണമെന്നും ഇല്ലെങ്കിൽ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നുമാണ് മരട് നഗരസഭ പതിപ്പിച്ച നോട്ടിസുകളിൽ പറയുന്നത്. ഇതവസാനിക്കാൻ ഇനി രണ്ടു ദിവസം മാത്രമാണ് ബാക്കിയുള്ളത്. അഞ്ചു ഫ്ളാറ്റുകളിലുമായി മുന്നൂറ്റമ്പതിലേറെ കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇതിൽ പലരും സ്ഥിര താമസക്കാരല്ല. ഉടമകൾ പ്രതിഷേധം ശക്തമാക്കുമ്പോൾ, മരട് നഗരസഭ ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് .

അതേസമയം, ഫ്ളാറ്റ് നിർമ്മാണ കമ്പനികൾ നടത്തിയ നിയമ ലംഘനത്തിന് തങ്ങളെ കുടിയൊഴിപ്പിക്കരുതെന്ന് അഭ്യർത്ഥിച്ച് മരടിലെ ഫ്ളാറ്റുടമകൾ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കടഹർജി നൽകും. കേന്ദ്ര, സംസ്ഥാന സർക്കാരുകളും അനുകൂല ഇടപെടൽ നടത്തണമെന്ന് ഉടമകൾ ആവശ്യപ്പെട്ടു. ഫ്ളാറ്റുടമകളെ പിന്തുണച്ച് ജസ്റ്റിസ് കെമാൽ പാഷ ഉൾപ്പെടെ നിരവധിപേർ രംഗത്ത് വന്നിരുന്നു. ഫ്ളാറ്റുടമകളുടെ വാദം കേൾക്കാതെയാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നും, എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചുനിൽക്കുന്ന താമസക്കാരെ അധികാരികൾ കേൾക്കണമെന്നും ഫ്ളാറ്റുടമകളെ സന്ദർശിച്ച ശേഷം കെമാൽ പാഷ പറഞ്ഞു.

തിരുവോണ ദിവസം മരട് ഭവന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാലു ഫ്ളാറ്റുകളിലെയും താമസക്കാർ നഗരസഭാ ഓഫീസിന് മുമ്പിൽ പട്ടിണി സമരം നടത്തിയിരുന്നു. കുടിയൊഴിപ്പിക്കൽ നടപടികളുമായി സർക്കാരും നഗരസഭയും മുമ്പോട്ടുപോകുന്നത് പരിഗണിച്ചാണ് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഇ മെയിൽ വഴി സങ്കടഹർജി അയയ്ക്കുക. സംസ്ഥാനത്തെ മുഴുവൻ എം എൽ എമാർക്കും നിവേദനവും സമർപ്പിക്കും.

Related Articles

Latest Articles