സിനിമാലോകം ഒന്നടങ്കം കണ്ണും നട്ട് കാത്തിരിക്കുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ഹിറ്റുകളുടെ സംവിധായകൻ പ്രിയദർശനും താരരാജാവ് മോഹൻലാലും ഒന്നിക്കുമ്പോൾ എന്നും മലയാള സിനിമയ്ക്ക് ലഭിച്ചിരുന്നത് വമ്പൻ ഹിറ്റുകളാണ്. അതിനാൽ തന്നെ മരക്കാറിനു ഏറെ പ്രതീക്ഷയാണ് സിനിമ ലോകം വെയ്ക്കുന്നത്. ചിത്രം തിയേറ്റർ റീലിസിന് ഒരുങ്ങുകയാണ്. കേരളത്തിൽ മാത്രം 600 തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം. മാത്രമല്ല പല തവണ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായതോടെ മാറ്റുകയായിരുന്നു. തുടർന്ന് ആഗസ്റ്റ് 12ന് റിലീസ് ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം.
അതേസമയം മരയ്ക്കാർ റിലീസായി മൂന്നാഴ്ചയോളം മറ്റ് ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്നാണ് റിപ്പോർട്ട്. കൂടാതെ മൂന്നാഴ്ച കഴിഞ്ഞ് ഒ.ടി.ടി പ്ളാറ്റ് ഫോമിലും ചിത്രം റിലീസ് ചെയ്യും. ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷനുമായും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി നടന്ന ചർച്ചയിലാണ് മരയ്ക്കാർ റിലീസ് ചെയ്ത് മൂന്നാഴ്ചത്തേക്ക് മറ്റ് ചിത്രങ്ങളുടെ റിലീസ് മാറ്റിവയ്ക്കാൻ തീരുമാനമായത്. മലയാള സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായി 100 കോടിയോളം ബഡ്‌ജറ്റിൽ ഒരുക്കുന്ന ചിത്രം കൂടെയാണ് മരയ്ക്കാർ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന മരയ്ക്കാറിന്റെ സഹനിർമ്മാതാക്കൾ കോൺഫിഡന്റ് ഗ്രൂപ്പ് സി.ജെ. റോയിയും മൂൺ ഷോട്ട് എന്റർടെയ്‌ൻമെന്റ്സ് സന്തോഷ് ടി. കുരുവിളയുമാണ്.
മരയ്ക്കാർ തീയേറ്ററിൽ എത്തുന്നതിനു മുൻപ് തന്നെ നിരവധി പുരസ്‌കാരങ്ങളാണ് നേടിയത്. മോഹൻലാലിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഭാഷകളിലെ നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നത്. പ്രണവ് മോഹൻലാൽ, പ്രഭു, അർജുൻ, ഫാസിൽ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ഹരീഷ് പേരടി തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന തിയേറ്ററുകൾ എന്നുമുതൽ തുറന്ന് പ്രവർത്തിക്കാമെന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെങ്കിലും അടുത്ത മാസത്തോടെ പ്രദർശനം പുനരാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

