Wednesday, April 24, 2024
spot_img

പ്രീ-ബുക്കിംഗിലൂടെ മാത്രം 100 കോടി ക്ലബ്ബില്‍: നാളെ കുഞ്ഞാലിയുടേയും മലയാള സിനിമയുടേയും ചരിത്ര ദിവസമാണെന്ന് മോഹൻലാൽ

മലയാള സിനിമാ പ്രേമികൾ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘മരക്കാര്‍’ നാളെ ലോകമെമ്പാടുമുള്ള തിയറ്ററുകളിലേക്ക്. കഴിഞ്ഞ ദിവസം മരക്കാറിന്റെ ട്രെയിലർ എത്തിയപ്പോള്‍ ആവേശം കടലോളമെന്ന പോലെയായിരുന്നു ആരാധകര്‍ക്ക്. റിലീസിന് മുൻപ് പ്രീ-റിലീസ് ബുക്കിംഗ് വഴി മാത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ് മോഹൻലാൽ–പ്രിയദർശൻ ചിത്രം മരക്കാർ: അറബിക്കടലിന്റെ സിംഹം.

ലോകമൊട്ടാകെയുള്ള റിസർവേഷനിലൂടെ മാത്രമാണ് ചിത്രം 100 കോടി നേടി കലക്ട് ചെയ്തത്. മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ആഗോളതലത്തില്‍ 4100 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെടുക. റിലീസ് ദിനത്തില്‍ ആകെ 16000 പ്രദര്‍ശനങ്ങള്‍. കേരളത്തില്‍ മാത്രം 631 തിയറ്ററുകളിലാണ് ചിത്രം നാളെ മുതല്‍ പ്രദര്‍ശനം ആരംഭിക്കുക. കേരളത്തിലും ഇത്രധികം സ്‌ക്രീനുകളിൽ ഒരു സിനിമ റിലീസ് ചെയ്യുന്നതും ഇത് ആദ്യമായിട്ടാണ്.

ഒരു മലയാള സിനിമയെ സംബന്ധിച്ച് ഇത്രയും തിയറ്ററുകളില്‍ റിലീസ് ലഭിക്കുക ചരിത്ര സംഭവമാണ്. നാളെ കുഞ്ഞാലിയുടേയും മലയാള സിനിമയുടേയും ചരിത്ര ദിവസമാണെന്ന് മോഹൻലാലും, പ്രിയദർശനും സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചിട്ടുണ്ട്. മലയാളത്തിൽ ഒരു സിനിമക്ക് കിട്ടുന്ന ഏറ്റവും കൂടുതൽ റിലീസിങ് സെന്ററുകളാണ് മരക്കാർ നേടിയത്.

അതേസമയം മോഹന്‍ലാല്‍ ഫാന്‍സ് ഒരാഴ്ച മുന്‍പ് ചാര്‍ട്ട് ചെയ്തിരുന്നതനുസരിച്ച് 600ല്‍ അധികം തിയറ്ററുകളിലാണ് ആരാധകര്‍ക്കായുള്ള പ്രത്യേക പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇതോടെ ഫാന്‍സ് ഷോകളിലും റെക്കോര്‍ഡ് സൃഷ്‍ടിച്ചാണ് മരക്കാറിന്‍റെ വരവ്.

മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരില്‍ ആകാംക്ഷ ഉണര്‍ത്തിയ ഒന്നാണ്. പ്രിയദര്‍ശന്‍റെയും മോഹന്‍ലാലിന്‍റെയും സ്വപ്‍ന പ്രോജക്റ്റ് ആയ ചിത്രം മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രം കൂടിയാണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. മരക്കാര്‍ നാലാമന്‍റെ കഥ പറയുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ്. കൊവിഡ് എത്തുന്നതിനു മുന്‍പ് തിയറ്റര്‍ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്ന ചിത്രം പിന്നീട് അനിശ്ചിതമായി നീണ്ടുപോയി. അവസാനം കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം ഡയറക്റ്റ് ഒടിടി റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാനം തിയറ്ററുകളിലേക്കു തന്നെ എത്തുകയായിരുന്നു.

പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ്, അശോക് സെല്‍ലന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. ചമയം പട്ടണം റഷീദ്.

Related Articles

Latest Articles