ശൈലജ ടീച്ചറുടെ നീക്കം കണ്ട് ഞെട്ടിത്തരിച്ച് ഇസ്ലാമിസ്റ്റുകൾ | KK Shailaja

ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരെ കേരളത്തിൽ യുദ്ധം പ്രഖ്യാപിച്ച ആദ്യ നാട്ടുരാജാക്കന്മാരിലൊരാളായിരുന്നു കേരളവർമ്മ പഴശ്ശിരാജ. ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ചെറുത്തു നിൽപ്പുകൾ പരിഗണിച്ച് ഇദ്ദേഹത്തെ വീരകേരള സിംഹം എന്നാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രങ്ങളിൽ വിശേഷിപ്പിക്കുന്നത്. ബാലനായിരിക്കെ തന്നെ സ്വന്തം രാജ്യത്തെ സംരക്ഷിക്കാൻ പരദേവതയായ മുഴക്കുന്നിൽ ശ്രീപോർക്കലി ഭഗവതിയെ സാക്ഷിയാക്കി ദൃഢപ്രതിജ്ഞ ചെയ്ത പഴശ്ശിരാജ തന്റെ വാക്ക്‌ അവസാന ശ്വാസംവരെ കാത്തു സൂക്ഷിച്ചുവെന്നാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത്.

വീര കേരളവര്‍മ്മ പഴശ്ശിരാജയുടെ ജന്മദിനത്തില്‍ പോസ്റ്റിട്ട മുന്‍മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ കെകെ ശൈലജയ്‌ക്കെതിരെ ഇസ്ലാമിസ്റ്റുകള്‍. ടിപ്പുവിനെ ഇകഴ്ത്തി പരാമര്‍ശം നടത്തി എന്ന പേരിലാണ് സൈബര്‍ ആക്രമണം. പഴശ്ശിരാജയെ പരിസഹസിച്ചും കമന്റ് ബോക്‌സില്‍ പരാമര്‍ശങ്ങള്‍ നിരന്നിട്ടുണ്ട്. ടിപ്പുവിന്റെ നേതൃത്വത്തില്‍ മലബാറിനെതിരെ കടുത്ത ആക്രമണം നടക്കുകയും ഇതിനെ പഴശ്ശിരാജ ചെറുക്കുകയും ചെയ്തു. പഴശ്ശിയുടെ സൈനിക നീക്കം 1792 ല്‍ ടിപ്പുവിനെ മൂന്നാം മൈസൂര്‍ യുദ്ധത്തില്‍ പരാജയപ്പെടുത്തിയെന്നും ചരിത്രത്തെ ഉദ്ദരിച്ച് ശൈലജ വിശദീകരിച്ചു. എന്നാല്‍ ശൈലജ ചരിത്രം വളച്ചൊടിക്കുകയാണെന്നും ടിപ്പു യഥാര്‍ത്ഥ പോരാളിആണെന്നുമാണ് ഇസ്ലാമിസ്റ്റുകളുടെ വാദം. ഇന്ന് വീര പഴശിയുടെ 217ാമത് രക്തസാക്ഷിത്വ ദിനമാണ്. 216 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1805 നവംബര്‍ 30നാണ് വീര കേരള വര്‍മ പഴശ്ശി രാജാവ് ബ്രിട്ടീഷ് സാമ്രാജ്യത്വ പടയാളികളോട് ഏറ്റുമുട്ടി രക്തസാക്ഷിത്വം വരിച്ചത്. വയനാട്ടിലെ പുല്‍പ്പള്ളി കാടുകള്‍ക്കടുത്ത് കങ്കാറാ പുഴയുടെ കരയില്‍വച്ചാണ് പഴശ്ശി വെടിയേറ്റ് കൊല്ലപ്പെടുന്നത്. 1795 മുതല്‍ 1805 വരെ പത്തുവര്‍ഷക്കാലം നീണ്ടുനിന്ന പഴശ്ശിരാജാവിന്റെ നേതൃത്വത്തിലുള്ള കോളനി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ഇതോടെ അന്ത്യം കുറിക്കപ്പെട്ടു.

പഴശ്ശിയുടെ പോരാട്ടത്തില്‍ പഴയ കോട്ടയം രാജ്യത്തിലെ നാനതരത്തിലുള്ള ജാതി മത വിഭാഗത്തിലുള്ള ജനങ്ങള്‍ അണിനിരന്നു. കേരള വര്‍മ പഴശ്ശി നാടിന്റെ ചരിത്രത്തിലേക്ക് വരുന്നത് ടിപ്പുവിനെതിരെ നടത്തിയ പോരാട്ടത്തിലൂടെയാണ്. ടിപ്പുവിന്റെ പിതാവ് മൈസൂര്‍ സുല്‍ത്താനായിരുന്ന ഹൈദരാലി 1766 ല്‍ മലബാറിനെ ആക്രമിച്ചു. ആ സമയത്ത് മലബാറിലെ രാജാക്കന്‍മാരും നായര്‍ പ്രഭുക്കന്‍മാരുമെല്ലാം കാടുകളിലേക്കും മലബാറിലേക്കും പലായനം ചെയ്തു. 1782 ല്‍ പിതാവിന്റെ മരണത്തിന് ശേഷം ടിപ്പു മൈസൂര്‍ സുല്‍ത്താനായി. ടിപ്പുവിന്റെ നേതൃത്വത്തില്‍ മലബാറില്‍ മുമ്പത്തേതിലും കടുത്ത ആക്രമണം നടന്നു. ഇത് മലബാറിലെ ജനങ്ങളെ ഭയചകിതരാക്കി. കോട്ടയത്തെ മൂത്തതമ്പുരാനും രാജാവുമായിരുന്ന രവി വര്‍മ നാടുവിട്ട് തിരുവിതാംകൂറിലേക്ക് പലായനം ചെയ്തു.

ടിപ്പുവിന്റെ ആക്രമണത്തെ ചെറുക്കാന്‍ ആരും തയ്യാറാവാത്ത ഘട്ടത്തിലാണ് കോട്ടയം രാജവംശത്തിലെ ഇളമുറ തമ്പുരാനായ, രാജവംശത്തിലെ താവഴികളിലൊന്നായ പഴശ്ശി പടിഞ്ഞാറെ കോവിലകത്തെ ഇളമുറ തമ്പുരാനായ കേരളവര്‍മ തന്റെ 21ാം വയസില്‍ ടിപ്പുവിനെതിരെ പോരാട്ടം നയിക്കാന്‍ മുന്നിട്ടിറങ്ങുന്നത്. ദക്ഷിണേന്ത്യയെയും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെയും ഞെട്ടിവിറപ്പിച്ച പോരാളിയെ നേരിടാന്‍ തനിക്ക് ഒറ്റയ്ക്ക് കഴിയില്ലെന്ന് പഴശ്ശിക്ക് വ്യക്തമായിരുന്നു. ടിപ്പുവിനെ തോല്‍പ്പിക്കാനായി പഴശ്ശി ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സഹായം തേടുന്നത് ഇങ്ങനെയാണ്. ടിപ്പുവിനെ തോല്‍പ്പിക്കേണ്ടത് കമ്പനിയുടെയും ആവശ്യമായിരുന്നു. അങ്ങനെയാണ് പഴശ്ശി കേരള വര്‍മയും ഈസ്റ്റ് ഇന്ത്യാ കമ്പനിയും തമ്മില്‍ സഖ്യമുണ്ടാവുന്നത്. ഇവരുടെ സൈനിക നീക്കം 1792 ല്‍ ടിപ്പുവിനെ മൂന്നാം മൈസൂര്‍ യുദ്ധത്തില്‍ പരാജയപ്പെടുത്തി.

എന്നാല്‍ ഇതോടെ കമ്പനിയുടെ അധികാര പരിധിയിലായി കോട്ടയം ഭരണം. എന്നാല്‍ ഇതില്‍ പഴശ്ശിക്ക് താല്‍പര്യമില്ലായിരുന്നു. തുടക്കത്തില്‍ കമ്പനിയുമായി സഹകരിച്ച് പോവന്‍ തയ്യാറായെങ്കിലും കോട്ടയം രാജ്യത്ത് നിന്നും ദത്ത് പോയ തന്റെ അമ്മാവന്‍ കൂടിയായ വീരവര്‍മ രാജാവിന് കോട്ടയം രാജ്യത്തിന്റെ നികുതി പിരിച്ച് നല്‍കാന്‍ കരാര്‍ ഒപ്പിട്ടതോടെ പഴശ്ശി കമ്പനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. കൈതേരി അമ്പു, പള്ളൂരെമ്മന്‍, കണ്ണവത്ത് നമ്പ്യാര്‍, എടച്ചേന കുങ്കന്‍, തലക്കല്‍ ചന്തു തുടങ്ങി വയനാട്ടിലും കോട്ടയത്തുമെല്ലാമുള്ള നാട്ടുപ്രമാണികളുടെ നേതൃത്വത്തില്‍ ജനങ്ങള്‍ കമ്പനിക്കെതിരെ തിരിഞ്ഞു. ഈ സമയത്ത് പഴശ്ശിയെ കീഴ്‌പ്പെടുത്താനായി കമ്പനിസൈന്യം തലശേരിയില്‍ നിന്നും പഴശ്ശിയിലേക്ക് മാര്‍ച്ച് ചെയ്തു. കൊട്ടാരം തകര്‍ത്ത് സ്വര്‍ണവും പണവും സമ്പത്തും കവര്‍ന്നെങ്കിലും പഴശ്ശിയെ പിടികൂടാനായില്ല.

തുടര്‍ന്ന് കുറിച്യ പടയാളികളെ സംഘടിപ്പിച്ച് പഴശ്ശി വയനാട്ടില്‍ നിന്നും കമ്പനിക്കെതിരെ ഒളിപ്പോര്‍ യുദ്ധം നയിച്ചു. പത്ത് വര്‍ഷക്കാലം നീണ്ടുനിന്ന ഈ പോരാട്ടത്തിലാണ് കമ്പനിക്ക് എറ്റവും കൂടുതല്‍ ആളും, അര്‍ഥവും, ആയുധങ്ങളും നഷ്ടപ്പെടുന്നത്. യുദ്ധത്തിന്റെ ഒരുഘട്ടത്തില്‍ കേണല്‍ ആര്‍തര്‍ വെല്ലസ്ലിയെ പഴശ്ശിയെ കീഴ്‌പ്പെടുത്താനായി കമ്പനി നിയോഗിക്കുന്നു. തുടര്‍ന്നുള്ള യുദ്ധത്തിലാണ് 1805 നവംബര്‍ 30 ന് ബ്രിട്ടീഷ് സൈന്യം പഴശ്ശിയെ കൊലപ്പെടുത്തുന്നത്.ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്കും വൈദേശികാധിപത്യത്തിനുമെതിരെ പഴശ്ശി നയിച്ച പോരാട്ടം ചരിത്രത്തിന്റെ ഏടുകളില്‍ തങ്കലിപികളാല്‍ കുറിക്കപ്പെടേണ്ടവയാണ്. പലകാരണങ്ങള്‍ കൊണ്ടും പഴശ്ശിയുടെ പോരാട്ടവും, ചരിത്രവും വിശദമായ ചരിത്ര വിശകലനത്തിന് പാത്രമായിട്ടില്ല. വീരകേരള വര്‍മ പഴശ്ശി രാജാവിന്റെ 217ാമത് രക്തസാക്ഷിത്വ ദിനത്തില്‍ ആ പോരാട്ടങ്ങളെ സ്മരിച്ചുകൊണ്ട്. കൂടുതല്‍ വിശദമായ ചരിത്രവായനകള്‍ക്ക് പഴശ്ശിയേയും അദ്ദേഹത്തിന്റെ പോരാട്ടങ്ങളെയും നമുക്ക് ചേര്‍ത്ത് നിര്‍ത്താം.