Sunday, June 16, 2024
spot_img

വിവാഹപരസ്യം വഴി തട്ടിപ്പ്; വിവാഹശേഷം അമ്മയ്ക്ക് വയ്യെന്ന് പറഞ്ഞ് മുങ്ങും; തട്ടിപ്പുകാർ പിടിയിൽ

പാലക്കാട്: വിവാഹപരസ്യം വഴി സ്ത്രീകളെ കാണിച്ച്‌ തട്ടിപ്പ് നടത്തിയ അഞ്ച് പേര്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശി സുനില്‍, പാലക്കാട് സ്വദേശികളായ കാര്‍ത്തികേയന്‍, സജിത, ദേവി, സഹീദ എന്നിവരാണ് അറസ്റ്റിലായത്. സേലം സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.

ഡിസംബര്‍ 12നാണ് പരാതിക്കാസ്പദമായ സംഭവം. തമിഴ്നാട്ടില്‍ വിവാഹപരസ്യം നല്‍കിയിരുന്ന മണികണ്ഠനെ ബന്ധപ്പെട്ട് കല്യാണം ഉറപ്പിക്കുകയായിരുന്നു സുനിലും സംഘവും. വധുവിന്റെ അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ ഉടന്‍ വിവാഹം നടത്തണമെന്നാണ് ഇവര്‍ പറഞ്ഞത്. വിവാഹം നടത്തിയ വകയില്‍ കമ്മിഷനായി ഒന്നര ലക്ഷം രൂപ വാങ്ങി. തുടര്‍ന്ന് ഗോപാലപുരം അതിര്‍ത്തിയിലെ ക്ഷേത്രത്തില്‍ വച്ച്‌ മണികണ്ഠന്‍ സജിതയെ വിവാഹം കഴിച്ചു.

വിവാഹത്തിന് ശേഷം സേലത്തെ വരന്റെ വീട്ടിലേക്ക് സജിതയും സഹോദരനെന്ന വ്യാജേന കാര്‍ത്തികേയനും എത്തി. എന്നാല്‍ അടുത്ത ദിവസം രാവിലെ സജിതയുടെ അമ്മയ്ക്ക് അസുഖമാണെന്ന് പറഞ്ഞ് ഇരുവരും മടങ്ങുകയായിരുന്നു. പിന്നാലെ ഇവരുടെ ഫോണ്‍ പ്രവര്‍ത്തനരഹിതമായി. ഒരാഴ്ച കഴിഞ്ഞിട്ടും വിവരമൊന്നും ഇല്ലാതിരുന്നതിനാല്‍ മണികണ്ഠനും സുഹൃത്തുക്കളും അന്വേഷിച്ചിറങ്ങി. തുടര്‍ന്നാണ് എല്ലാം വ്യാജമാണെന്ന് അറിയുന്നത്.

പ്രതികള്‍ സമാന രീതിയില്‍ അന്‍പതോളം പേരെ പറ്റിച്ചിട്ടുണ്ടെന്ന് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Related Articles

Latest Articles