Sunday, September 20, 2026

ഇതരജാതിയിൽപ്പെട്ട യുവാവിനെ വിവാഹം കഴിച്ചു!! 17കാരിയായ വനവാസി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി നാട്ടുകൂട്ടം

റായ്പൂർ: ഇതരജാതിയിൽപ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ 17കാരിയായ വനവാസി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി നാട്ടുകൂട്ടം നേതാക്കൾ. ഛത്തീസ്ഗഡിലെ കൊറിയ ജില്ലയിലാണ് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന സംഭവം നടന്നത്. മാസങ്ങൾക്കു മുൻപ് പ്രണയത്തിലായ യുവാവിനൊപ്പം ഒളിച്ചോടിയ പെൺകുട്ടിയെ ബന്ധുക്കളും സമുദായ നേതാക്കളും ചേർന്നാണ് കണ്ടെത്തിയത്. തുടർന്ന്, പങ്കാളി വീട്ടിലില്ലാതിരുന്ന സമയം നോക്കി വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമിസംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ദ്രോഹിക്കുകയായിരുന്നു.

സുർജാപൂർ ജില്ലയിലെ ഒഴിഞ്ഞ കടമുറിയിൽ വെച്ചായിരുന്നു അതിക്രമം നടന്നത്. പെൺകുട്ടി ഗർഭിണിയാണെന്ന് മനസ്സിലായതോടെ, ബലമായി ഗർഭച്ഛിദ്രത്തിനുള്ള മരുന്നുകൾ കുടിപ്പിക്കുകയും വയറ്റിൽ മർദ്ദിച്ച് ഗർഭം അലസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. പെൺകുട്ടിയോടൊപ്പം ഉണ്ടായിരുന്ന മധ്യവയസ്കരായ ബന്ധുക്കൾ തന്നെയാണ് അക്രമിസംഘത്തിന് ഒത്താശ ചെയ്തതും പെൺകുട്ടിയെ വിട്ടുനൽകിയതും. അതിക്രമങ്ങൾക്കിടയിൽ നിന്നും രക്ഷപ്പെട്ടോടിയ പെൺകുട്ടി പങ്കാളിയെ വിവരമറിയിച്ചതോടെയാണ് സംഭവം പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പോക്‌സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി ചാന്ദ്നി ബിഹാർപൂർ സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. മുൻപ് വീട്ടുകാർ പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി നൽകിയിരുന്നുവെങ്കിലും, വിവാഹശേഷം പരാതി പിൻവലിച്ചിരുന്നു. എന്നാൽ സമുദായ നേതാക്കളുടെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങിയാണ് ബന്ധുക്കൾ ഈ ക്രൂരതയ്ക്ക് കൂട്ടുനിന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Latest Articles