സമൻസ് നിയമവിരുദ്ധമെന്ന് തോമസ് ഐസക്ക് ആരോപിക്കുന്നതിനിടെ കിഫ്ബി മസാലബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക് ഹാജരാകണമെന്ന് ഇഡി ഹൈക്കോടതിയില്‍. ഐസക്കിന് എല്ലാ വിവരങ്ങളുമറിയാമെന്നും അറസ്റ്റ് ഉണ്ടാകില്ലെന്നും ചോദ്യംചെയ്യല്‍ വീഡിയോയിൽ ചിത്രീകരിക്കുമെന്നും ഇഡി കോടതിയെ അറിയിച്ചു.
കേസിൽ നിലവിൽ കിഫ്‌ബി സിഇഒയെ ഹാജരാക്കാനാകില്ലെന്നും ഡിജിഎമ്മിനെയും മാനേജരെയും ഹാജരാക്കാമെന്നുമാണ് കിഫ്ബി അറിയിച്ചിരിക്കുന്നത്. ഡിജിഎം അജോഷ് കൃഷ്ണകുമാറിന് ഈ മാസം 27, 28 തീയതികളില്‍ ഇഡിക്കുമുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസിൽ ഒരു തവണ ഇഡിക്കു മുന്നില്‍ ഹാജരായിക്കൂടേ എന്ന് തോമസ് ഐസക്കിനോട് കോടതി നേരത്തെ ചോദിച്ചിരുന്നു. മസാല ബോണ്ട് കേസിൽ ഇ.ഡി സമൻസിനെതിരായ കിഫ്ബിയുടെയും തോമസ് ഐസക്കിന്റെയും ഹർജികൾ പരിഗണിക്കവെയാണ് ഹൈക്കോടതി അന്ന് ചോദ്യമുന്നയിച്ചത്.

