Friday, September 18, 2026

ബംഗാളിലെ താരാപീഠിൽ ഹോട്ടലിൽ വൻ തീപിടിത്തം! തീർഥാടകർ ഉൾപ്പെടെ 6 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ബിർഭൂം ജില്ലയിലുള്ള പ്രശസ്തമായ താരാപീഠ് ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ ഹോട്ടലിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ ആറ് തീർഥാടകർ മരിച്ചു. പുലർച്ചെ 4.30 ഓടെ നാലുനില ഹോട്ടലിന്റെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. ആളുകൾ ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു ദുരന്തം.

കെട്ടിടത്തിൽ പടർന്ന വിഷപ്പുക ശ്വസിച്ചാണ് ഭൂരിഭാഗം പേരും മരണപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനയും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി തീയണയ്ക്കുകയും കെട്ടിടത്തിൽ കുടുങ്ങിയവരെ പുറത്തെത്തിക്കുകയും ചെയ്തു. പരിക്കേറ്റവരെ സമീപത്തെ രാംപൂർഹാട്ട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

പശ്ചിമ ബംഗാളിൽ ഹോട്ടലുകളിലും തീർഥാടന കേന്ദ്രങ്ങളോട് ചേർന്നുള്ള താമസസ്ഥലങ്ങളിലും മുൻപും സമാനമായ തീപിടിത്തങ്ങളും ആളപായങ്ങളും ഉണ്ടായിട്ടുണ്ട്.
​കൊൽക്കത്തയിലെ ബഡാബസാർ പ്രദേശത്തുള്ള ഋതുരാജ് ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ കുട്ടികളടക്കം 14 പേർ മരിച്ചിരുന്നു. സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ സന്ദർശകരും വ്യാപാരികളുമാണ് അന്ന് കെട്ടിടത്തിൽ കുടുങ്ങി പുക ശ്വസിച്ച് മരണപ്പെട്ടത്.
​കൂടാതെ, പശ്ചിമ ബംഗാളിലെ പ്രശസ്തമായ ഗംഗാസാഗർ മേളയോടനുബന്ധിച്ച് തീർഥാടകർക്കായി ഒരുക്കിയ താൽക്കാലിക ക്യാമ്പുകളിലും അനുബന്ധ താമസസ്ഥലങ്ങളിലും മുൻപ് തീപിടിത്തങ്ങളും തുടർന്നുണ്ടായ പരിഭ്രാന്തിയിലും തിക്കിലും പെട്ട് ആളപായങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്

Related Articles

Latest Articles