Thursday, May 9, 2024
spot_img

കാസർഗോഡ് ഉപ്പളയിൽ വൻ കവർച്ച ! എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ട് വന്ന പണം വാഹനത്തിന്റെ ഗ്ലാസ് പൊട്ടിച്ച് കവർന്നു ! 50 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടെന്ന് പ്രാഥമിക നിഗമനം ; പോലീസ് അന്വേഷണം ആരംഭിച്ചു

കാസർഗോഡ് : മഞ്ചേശ്വരം ഉപ്പളയില്‍ പട്ടാപ്പകൽ വൻ കവർച്ച. സ്വകാര്യ ബാങ്കിന്റെ എടിഎമ്മില്‍ നിറയ്ക്കാനെത്തിച്ച പണം വാഹനത്തിന്റെ ഗ്ളാസ് തകർത്ത് മോഷ്ടാവ് കവർന്നെടുക്കുകയായിരുന്നു. ഇന്നുച്ചയ്ക്ക് രണ്ടരയോടെ ആക്‌സിസ് ബാങ്കിന്റെ എടിഎമ്മിലേക്ക് പണവുമായി വന്ന വാഹനത്തില്‍ നിന്നാണ് പണം കവർന്നത്. അമ്പത് ലക്ഷത്തോളം രൂപ നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ഉപ്പള ബസ് സ്റ്റാന്‍ഡിന്റെ മുന്‍വശത്തുള്ള എടിഎമ്മില്‍ നിറയ്ക്കാനായാണ് സ്വകാര്യ ഏജന്‍സിയുടെ വാഹനത്തില്‍ പണമെത്തിച്ചത്. വാഹനത്തിന്റെ ഏറ്റവും പിറകിലെ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. വാഹനം ഉപ്പളയിലെത്തിയപ്പോള്‍ ഇവിടത്തെ എടിഎമ്മിൽ നിറയ്ക്കാനുള്ള 50 ലക്ഷം രൂപയുടെ രണ്ട് കെട്ടുകള്‍ ജീവനക്കാര്‍ പുറകിൽ നിന്ന് വാഹനത്തിന്റെ മധ്യഭാഗത്തെ സീറ്റിലെടുത്തുവെച്ചു. ശേഷം ആദ്യത്തെ 50 ലക്ഷംനിറയ്ക്കാനായി ജീവനക്കാര്‍ വാഹനം ലോക്ക് ചെയ്ത് എടിഎം കൗണ്ടറിലേക്ക് പോയി. ഈ സമയം വാഹനത്തിലെ സീറ്റില്‍ വെച്ചിരുന്ന 50 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ ചില്ല് തകര്‍ത്ത് മോഷ്ടാവ് കവര്‍ന്നത്.

Related Articles

Latest Articles